സഭയില്‍ കശ്മീര്‍ ബില്‍ കീറിയെറിഞ്ഞ ഹൈബിക്കും ടിഎന്‍ പ്രതാപനും സ്പീക്കറുടെ പരസ്യ ശാസന


AUGUST 6, 2019, 12:43 PM IST

ന്യൂഡല്‍ഹി :  കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കുകയും കശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്യുന്ന ബില്ലിന്റെ കോപ്പികള്‍ സഭയില്‍ കീറിയെറിഞ്ഞ കേരളത്തില്‍ നിന്നുള്ള എംപിമാരായ ലോക് സഭാ സ്പീക്കര്‍ ചേംബറില്‍ വിളിച്ചു വരുത്തി ശാസിച്ചു.ലോക്‌സഭാംഗങ്ങളായ ഹൈബി ഈഡനെയും ടിഎന്‍ പ്രതാപനെയുമാണ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ശാസിച്ചത്. ചൊവ്വാഴ്ച രാവിലെ ചേംബറിലേക്ക് വിളിച്ചുവരുത്തിയായിരുന്നു സ്പീക്കറുടെ നടപടി.കഴിഞ്ഞദിവസത്തെ സഭാനടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് സ്പീക്കര്‍ ഓം ബിര്‍ള ഹൈബി ഈഡനെയും ടിഎന്‍ പ്രതാപനെയും ചേംബറിലേക്ക് വിളിച്ചുവരുത്തിയത്. പ്രമേയം കീറിയെറിഞ്ഞത് ശരിയായ നടപടിയല്ലെന്നും ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സഭയില്‍ മര്യാദ പാലിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം ലോക്സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ധൃതിപിടിച്ച് പ്രമേയം അവതരിപ്പിച്ചതിനെ പ്രതിപക്ഷം എതിര്‍ക്കുകയും വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു.പിന്നാലെ പ്രതിപക്ഷ എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. ഇതിനിടെയാണ് ഹൈബി ഈഡനും ടിഎന്‍ പ്രതാപനും പ്രമേയം വലിച്ചുകീറിയെറിഞ്ഞത്.

Other News