കേരളത്തിലെ ഐ.എസ് ഘടകത്തിന്റെ നേതാവ് അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ ബോംബിംഗില്‍ കൊല്ലപ്പെട്ടു


JUNE 3, 2019, 6:37 AM IST

കോഴിക്കോട്: കേരളത്തിലെ ഐ.എസ് മൊഡ്യൂളിന്റെ നേതാവായി കരുതപ്പെടുന്ന റഷീദ് അബ്ദുള്ള അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍സേന നടത്തിയ ബോംബിംഗില്‍ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. അഫ്ഗാനിലെ ഖൊറാസന്‍ പ്രവിശ്യയില്‍ നിന്ന് ഒരു ഐ.എസ് പ്രവര്‍ത്തകന്‍ ടെലഗ്രാം ആപ്പ് വഴി അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മാസം മുമ്പ് മരണം സംഭവിച്ചതായാണ് സന്ദേശത്തില്‍ പറയുന്നത്. മൂന്ന് ഇന്ത്യന്‍ സഹോദരന്മാരും, രണ്ട് ഇന്ത്യന്‍ വനിതകളും, നാല് കുട്ടികളും ബോംബിംഗില്‍ കൊല്ലപ്പെട്ടുവെന്ന് സന്ദേശത്തില്‍ പറയുന്നു. 

സോഷ്യല്‍ മീഡിയയില്‍ ഐ.എസിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സജീവ ഇടപെടല്‍ നടത്തിയിരുന്ന അബ്ദുള്ള കുറച്ചു നാളായി രംഗത്തില്ലാത്തതിനെപ്പറ്റിയുള്ള അന്വേഷണത്തിനു മറുപടിയായിട്ടാണ് അഫ്ഗാനില്‍ നിന്നുള്ള സന്ദേശം വന്നത്. സന്ദേശം അയച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. കാസര്‍ഗോഡ് സ്വദേശിയായ അബ്ദുള്ളയുടെ ടെലഗ്രാം അക്കൗണ്ട് രണ്ടു മാസത്തോളമായി പ്രവര്‍ത്തനരഹിതമാണ്. ' ഹി ഈസ് നോ മോര്‍' എന്ന സന്ദേശമാണ് അഫ്ഗാനിലെ പേരു വെളിപ്പെടുത്താത്ത ഐ.എസ് പ്രവര്‍ത്തകന്‍ നല്‍കിയത്. 

2016 മെയ് - ജൂണ്‍ കാലഘട്ടത്തില്‍ കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്കു പുറപ്പെട്ട 21 അംഗ സംഘത്തിന്റെ നേതാവായിരുന്നു അബ്ദുള്ള. അബ്ദുള്ളയുടെ ഭാര്യ ആയിഷയും സംഘത്തിലുണ്ടായിരുന്നു. യു.എ.ഇ, ടെഹ്‌റാന്‍ വഴിയാണ് സംഘം അഫ്ഗാനില്‍ എത്തിയത്. അവിടെ എത്തിയതതിനും ശേഷം കൂടുതല്‍ ആളുകളെ ഭീകര സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിനു വേണ്ടി ഓഡിയോ സന്ദേശങ്ങള്‍ അബ്ദുള്ള അയച്ചിരുന്നു. ടെലഗ്രാം ആപ്പിലെ വിവിധ അക്കൗണ്ടുകള്‍ വഴി തൊണ്ണൂറോളം സന്ദേശങ്ങളാണ് അബ്ദുള്ള അയച്ചത്. 


Other News