പാലാമണ്ഡലത്തിൽ ജോസ് കെ മാണിയുടെ പദയാത്രയ്ക്ക് ഇന്ന് തുടക്കം


FEBRUARY 22, 2021, 8:54 AM IST

പാലാ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജോസ് കെ. മാണി നയിക്കുന്ന പാലാ മണ്ഡലത്തിലെ പദയാത്രയ്ക്ക് ഇന്ന് തുടക്കമാകും.

കളത്തിലിറങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കപ്പനെ പ്രതിരോധിക്കുന്നതിനാണ് എല്‍ഡിഎഫ് നിര്‍ദ്ദേശ പ്രകാരം ജോസ് കെ. മാണി പദയാത്ര നടത്തുന്നത്.

സിപിഐഎം ജില്ലാ നേതൃത്വവും ജോസ് കെ. മാണിയും പാലായിലെ വികസനം തടഞ്ഞെന്ന മാണി സി. കാപ്പന്റെ ആരോപണത്തിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പദയാത്ര. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും, വികസന പദ്ധതികളും ഉയര്‍ത്തിക്കാട്ടിയാണ് യാത്ര. ഇന്ന് രാവിലെ 9.30ന് മുത്തോലിയില്‍ പദയാത്രയ്ക്ക് തുടക്കമാകും.

27 വരെ നടക്കുന്ന കാല്‍നട ജാഥയില്‍ വിവിധ എല്‍ഡിഎഫ് നേതാക്കളും, മന്ത്രിമാരും പങ്കാളികളാകും. യുഡിഎഫ് പുറത്താക്കിയതാണ് മുന്നണി മാറ്റത്തിന് കാരണമെന്ന രാഷ്ട്രീയ വിശദീകരണമാണ് ജാഥയുടെ പ്രഥമ ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ആവര്‍ത്തിക്കാനായാല്‍ ഇടത് ഭരണ തുടര്‍ച്ച ഉറപ്പാണെന്ന വികാരം ഉണര്‍ത്തിയാകും ജോസ് കെ. മാണിയുടെ പര്യടനം. മാണി സി. കാപ്പന്‍ രംഗത്തിറങ്ങി വോട്ട് തേടല്‍ ആരംഭിച്ചതിനെ ആദ്യഘട്ടത്തില്‍ ജോസ് കെ. മാണി അവഗണിച്ചിരുന്നു. കാപ്പനെ നിസാരക്കാരനായി കണ്ടാല്‍ അപകടമാകും എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് എം അടിയന്തര പദയാത്ര നടത്താന്‍ തീരുമാനിച്ചത്.

Other News