കാക്കത്തുരുത്ത്  കായലില്‍ വിനോദയാത്രയ്ക്ക് ശിക്കാര്‍ വള്ളങ്ങള്‍ 


JULY 17, 2019, 12:20 PM IST

ആലപ്പുഴ: എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണസംഘം കാക്കത്തുരുത്ത് കേന്ദ്രീകരിച്ച് നടത്തുന്ന സര്‍ക്യൂട്ട് ടൂറിസത്തിന്റെ ആദ്യഘട്ടപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശിക്കാര്‍ വള്ളങ്ങള്‍ നീറ്റിലിറക്കി.

സര്‍ക്കാര്‍ സഹകരണത്തോടെ സഹകരണസംഘം തുടക്കംകുറിച്ച ടൂറിസം പദ്ധതിയിലൂടെ തുരുത്തുകളുടെ മനോഹാരിതയും തീരങ്ങളുടെ ഭംഗിയും യാത്രികര്‍ക്ക് ആസ്വദിക്കാനാകും.

ആഗോള ടൂറിസം ഗ്രാമമെന്ന് പേരുകേട്ട കാക്കത്തുരുത്തില്‍നിന്ന് ടൂറിസം ഗ്രാമമായ കുമ്പളങ്ങിയിലേക്ക് നീളുന്ന കായല്‍യാത്രയാണ് സഹകരണസംഘം തുടക്കത്തില്‍ വിഭാവനം ചെയ്യുന്നത്. രണ്ടാംഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ കായല്‍വിഭവങ്ങള്‍ പാചകംചെയ്ത് നല്‍കാനുള്ള സംവിധാനങ്ങളും കായല്‍ത്തീര റിസോര്‍ട്ടുകളില്‍ വിശ്രമിക്കാനുള്ള സൗകര്യങ്ങളുമൊരുക്കുമെന്ന് സംഘം പ്രസിഡന്റ് ദിവാകരന്‍ കല്ലുങ്കല്‍ പറഞ്ഞു

. ടൂറിസം പദ്ധതി പുരോഗമിക്കുന്നതിനോടൊപ്പം കാക്കത്തുരുത്തിലെ ഭൗതികസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് സംഘം പ്രവര്‍ത്തകര്‍ പറഞ്ഞു.

16-ന് രാവിലെ കാക്കത്തുരുത്ത് കടവില്‍ നടന്ന ചടങ്ങില്‍ എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് എ.ടി ശ്യാമളകുമാരി. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ ജോര്‍ജ് , അസി. രജിസ്ട്രാര്‍  കെ. ദീപു, ബിന്ദു ഷാജി, ഗീതാ ദിനേശന്‍, എരമല്ലൂര്‍ തങ്കപ്പന്‍, വി.എം ദിനേശന്‍, മായ രവി, സി.കെ രാജേന്ദ്രന്‍, സി.കെ പുഷ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Other News