കല്ലട ബസിലെ പീഡന ശ്രമം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി


JUNE 20, 2019, 2:08 PM IST

തിരുവനന്തപുരം: ബസില്‍ വച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കല്ലട ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. ഗതഗാത മന്ത്രി എ.കെ.ശശീന്ദ്രന്റെ നിര്‍ദേശപ്രകാരം ബസിലെ രണ്ടാം ഡ്രൈവറായ ഡൈവര്‍ ജോണ്‍സണ്‍ ജോസഫിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്.

വ്യാഴാഴ്ച രാവിലെയാണ് ബസില്‍ ലൈംഗിക പീഡനശ്രമമുണ്ടായെന്ന പരാതിയുമായി തമിഴ്‌നാട് സ്വദേശിയായ യുവതി രംഗത്തെത്തിയത്. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ബസിലെ മറ്റ് യാത്രക്കാരാണ് ഡ്രൈവറെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍..

ഇന്ന് തന്നെ രണ്ടാമത്തെ പരാതിയാണ് കല്ലട ബസിനെതിരെ ഉയരുന്നത്. നേരത്തെ അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടര്‍ന്ന് ബസിലുണ്ടായിരുന്ന മോഹനന്‍ എന്ന യാത്രക്കാരന്റെ തുടയെല്ല് പൊട്ടി എന്ന പരാതി ഉയര്‍ന്നിരുന്നു. വേദനയില്‍ പുളഞ്ഞ ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലും ജീവനക്കാര്‍ തയ്യാറായില്ലെന്നായിരുന്നു ആരോപണം. സംഭവത്തില്‍ പ്രതികരിച്ച ഗതാഗതമന്ത്രി നിയമനടപടികള്‍ സ്വീകരിച്ച് യാത്രാസുരക്ഷിതത്വം ഉറപ്പാക്കുമെന്നാണ് അറിയിച്ചത്.

Other News