കൊച്ചി: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ചും അനര്‍ഹര്‍ക്ക് സീറ്റ് നല്‍കിയെന്നും ആരോപിച്ച് കൊച്ചി ഡെപ്യൂട്ടി മേയര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ ആണ് സി പി ഐയില്‍ നിന്ന് രാജിവെച്ചത്. സി പി ഐ മട്ടാഞ്ചേരി അഞ്ചാം ഡിവിഷന്‍ കൗണ്‍സിലറാണ് അന്‍സിയ.
ആറാം ഡിവിഷനാണ് ഇത്തവണ സി പി ഐയുടെ സീറ്റ്. അന്‍സിയ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. മഹിളാ സംഘത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന രണ്ടുപേരുകള്‍ നിര്‍ദ്ദേശിച്ചെങ്കിലും അര്‍ഹതയില്ലാത്ത ആളുടെ പേരാണ് അന്തിമമായി വന്നതെന്നും പ്രസ്ഥാനം വ്യക്തികളിലേക്ക് ഒതുങ്ങിയെന്നും പാര്‍ട്ടിയില്‍ അംഗത്വം പോലും ഇല്ലാത്ത ആളാണ് നിലവില്‍ സ്ഥാനാര്‍ഥിയെന്നും അന്‍സിയ ആരോപിച്ചു.
രാജിവെച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം തുടരുമെന്ന് അന്‍സിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മേയര്‍ക്കൊപ്പം നിന്നു. ലീഗിന്റെ കോട്ടയില്‍ നിന്നാണ് ജയിച്ചുവന്നതെന്നും പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പാര്‍ട്ടിയോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍, പാര്‍ട്ടിയുടെ പിന്തുണ എപ്പോഴും ഉണ്ടായിരുന്നില്ലെന്നും അന്‍സിയ വ്യക്തമാക്കി. മഹിളാ സംഘം മണ്ഡലം സെക്രട്ടറി കൂടിയാണ് അന്‍സിയ.
