ഏഷ്യാനെറ്റ് ,ട്വൻറി ഫോർ ചാനൽ സർവെകളിൽ എൽ ഡി എഫിന് തുടർ ഭരണം


FEBRUARY 22, 2021, 8:18 AM IST

തിരുവനനന്തപുരം: മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളായ ഏഷ്യ നെറ്റും, ട്വൻറി ഫോർ ന്യൂസും വെവ്വേറെ നടത്തിയ സർവേകളിൽ ഇടതു മുന്നണി അടുത്ത തെരഞ്ഞെടുപ്പിലും കേരളത്തിൽ തുടർ ഭരണം നേടുമെന്ന് റിപ്പോർട്ട്.

ഇക്കുറി കേരള രാഷ്ട്രീയ ചരിത്രം എല്‍ഡിഎഫ് മാറ്റി എഴുതും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ ഫലം. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകും. എല്‍ഡിഎഫ് 77 മുതല്‍ 83 വരെ സീറ്റുകള്‍ നേടാം എന്നാണ് പ്രവചനം. ഇത് 2016ലെ സീറ്റ് നിലയേക്കാള്‍ കുറവാണ് എന്നത് ശ്രദ്ധേയമാണ്.

അധികാരത്തില്‍ തുടരാന്‍ സാധിച്ചാലും കൈവശമുളള ചില നിയമസഭാ സീറ്റുകള്‍ ഇടതുമുന്നണിക്ക് നഷ്ടപ്പെടും എന്നാണ് സര്‍വ്വേ ഫലം. എല്‍ഡിഎഫിന് 42 ശതമാനം വോട്ട് വിഹിതം ലഭിക്കും എന്നും ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ ഫലം പ്രവചിക്കുന്നു. രണ്ടാമത് എത്തുന്ന യുഡിഎഫ് സീറ്റുകളുടെ എണ്ണം ഉയര്‍ത്തിയേക്കും.

47 സീറ്റുകള്‍ നിലവില്‍ സ്വന്തമായുളള യുഡിഎഫ് 54 മുതല്‍ 60 സീറ്റുകള്‍ വരെ നേടിയേക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ ഫലം. യുഡിഎഫിന് 39 ശതമാനം വോട്ടും ലഭിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. അതേസമയം ഇടത് മുന്നണിയേയും യുഡിഎഫിനേയും ഞെട്ടിച്ച് കൊണ്ട് സീറ്റ് നിലയില്‍ എന്‍ഡിഎ വലിയ നേട്ടം കൊയ്യും എന്നും സര്‍വ്വേ പ്രവചിക്കുന്നു.

'കേരളം ആര് ഭരിക്കും? ട്വന്റിഫോറിന്റെ, ട്വൻ്റ ഫോർ കേരള പോൾ ട്രാക്കർ സർവേയുടെ ഫൈനൽ ചോദ്യം ഇതായിരുന്നു. പ്രേക്ഷകർ ഉറ്റുനോക്കിയിരുന്ന ചോദ്യവും ഇതായിരുന്നു. എൽഡിഎഫിന് ആദിപത്യം ഉറപ്പിക്കുന്നതാണ് ട്വന്റിഫോറിന്റെ പോൾ ട്രാക്കർ സർവേയുടെ അവസാന ചോദ്യത്തിന്റെ ഉത്തരം.

സർവേയിൽ പങ്കെടുത്ത 42.38 ശതമാനം പേർ എൽഡിഎഫ് ഭരണം നിലനിർത്തുമെന്നാണ് അഭിപ്രായപ്പെട്ടത്. എൽഡിഎഫിന് 68 മുതൽ 78 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇവർ പറയുന്നു. സർവേയുടെ ഭാഗമായ 40.72 ശതമാനം പേർ യുഡിഎഫിന് 62 മുതൽ 72 സീറ്റുകൾ വരെ ലഭിക്കാമെന്ന് പറയുന്നു. 16.9 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടത് ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റുകൾ ലഭിക്കുമെന്നാണ്.

Other News