തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ


JUNE 28, 2019, 3:34 PM IST

തിരുവനന്തപുരം : തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ. 44ല്‍ 22 സീറ്റുകള്‍ എല്‍ഡിഎഫും 17 എണ്ണം യുഡിഎഫും നേടിയപ്പോള്‍ ബിജെപിക്ക് അഞ്ച് സീറ്റ് ലഭിച്ചു. എല്‍ഡിഎഫിന്റെ ഏഴു സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.

പാലക്കാട് ജില്ലയില്‍ സിപിഎമ്മും ബിജെപിയും സീറ്റ് നിലനിര്‍ത്തി. തൊടുപുഴ നഗരസഭ 23ാം വാര്‍ഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സീറ്റു നിലനില്‍ത്തി.
നഗരസഭയിലെ കക്ഷി നില : യുഡിഎഫ് 14 , എല്‍ഡിഎഫ് 13, ബിജെപി 8.

കൊല്ലം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 4 തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ മൂന്നിടത്തും സിപിഎം വിജയിച്ചു. ഒരു സീറ്റില്‍ കോണ്‍ഗ്രസും ജയിച്ചു.

കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ഡോളി ഐസക് ജയിച്ചു.

പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ആണ് വിജയിച്ചത്.
ആലപ്പുഴ ജില്ലയില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനാണ് മൂന്‍തൂക്കം.

തൃശൂരില്‍ ഉപതിരഞ്ഞെടുപ്പു നടന്ന നാലിടത്തും യുഡിഎഫിനു വിജയം. പൊയ്യ പൂപ്പത്തി , കോലഴി, പാഞ്ഞാള്‍ കിള്ളിമംഗലം ,തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു. മൂന്നെണ്ണം പിടിച്ചെടുക്കുകയായിരുന്നു. കോലഴി സീറ്റാണ് നിലനിര്‍ത്തിയത്.

കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

വയനാട് മുട്ടില്‍ പഞ്ചായത്ത് മാണ്ടാട് 13ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു.

Other News