യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിലെ 8 പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്; പേരുവെളിപ്പെടുത്തിയാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി


JULY 14, 2019, 3:32 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസിലെ 8 പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴിയെടുക്കാന്‍ പൊലീസ് ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും മൂന്നുദിവസം കൂടി കാത്തിരിക്കാനായിരുന്നു മറുപടി. പേരു വെളിപ്പെടുത്തിയാല്‍ അഖിലിനെ കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി അച്ഛന്‍ ചന്ദ്രന്‍ വെളിപ്പെടുത്തി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഖിലിനെ ആശുപത്രിയിലെത്തി കണ്ടു. ഇനിയും പ്രതികളെ പിടികൂടാത്ത പൊലീസ് നിലപാടിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്.സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നു തന്നെ നോട്ടീസ് പുറത്തിറക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് കണ്ടാല്‍ തിരിച്ചറിയാവുന്ന പ്രതികളിലൊരാളായ ഇജാബിനെ പോലീസ് പിടികൂടി. നേമത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി.അഖിലിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് അപേക്ഷ നല്‍കി. മൂന്ന് ദിവസത്തിന് ശേഷമേ മൊഴിയെടുക്കാനാകൂവെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം അഖിലിനെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷവും പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് അച്ഛന്‍ ചന്ദ്രന്‍ വെളിപ്പെടുത്തി.

മകന്‍ തുടര്‍ന്നും യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെ പഠിക്കുമെന്നും സിപിഎം എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും ചന്ദ്രന്‍ പറഞ്ഞു.അതേസമയം പ്രതികള്‍ തിരുവനന്തപുരം നഗരത്തില്‍ തന്നെ ഉണ്ടെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. പ്രതികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള പിഎംജി സ്റ്റുഡന്റ് സെന്ററിലോ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലോ പരിശോധന നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. അഖിലിന്റെ മൊഴിയെടുത്ത ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കാനാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നീക്കം. പൊലീസ് ഉദ്യോഗസ്ഥനെ തല്ലിയ കേസിലെ പ്രതിയായ നസീമിന് അനുകൂലമായ നിലപാടിനെതിരെ സേനയില്‍ പ്രതിഷേധവും ശക്തമാണ്.

Other News