കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ജഡം വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന വീടിനുള്ളില്‍ കണ്ടെത്തി


SEPTEMBER 15, 2021, 11:58 AM IST

തൃശൂര്‍: കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന പ്രവാസിയുടെ വീടിനുള്ളില്‍ കണ്ടെത്തി.

തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ പതിനഞ്ച് വര്‍ഷത്തിലേറെയായി അടഞ്ഞു കിടന്നിരുന്ന വീട്ടിലായിരുന്നു മൃതദേഹം.

വീട്ടുവളപ്പിലെ കാടു വെട്ടാറുണ്ടായിരുന്നെങ്കിലും ആറു മാസത്തിലേറെയായി വീട്ടില്‍ ആരും കയറിയിട്ടില്ല. കയറിലൂടെ തല ഊര്‍ന്നു തുടങ്ങിയ നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്തിനു താഴെയുള്ള ഭാഗം കിടക്കുന്ന നിലയിലായിരുന്നു. ജീന്‍സും ഷര്‍ട്ടും ധരിച്ചിട്ടുണ്ട്.

തൃശൂരില്‍ നിന്ന് ആറ് മാസം മുന്‍പ് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. ചേറ്റുവ സ്വദേശികളായ സനോജ്- ശില്‍പ ദമ്പതികളുടെ മൂത്ത മകന്‍ അമല്‍ കൃഷ്ണയുടേതെന്ന് കരുതുന്ന മൃതദേഹമാണ് അടഞ്ഞു കിടക്കുന്ന വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

 കാണാതായപ്പോള്‍ കൈവശം ഉണ്ടായിരുന്ന എടിഎം കാര്‍ഡും മൊബൈല്‍ ഫോണും അമലിന്റെ ഫോട്ടോകളും മൃതദേഹത്തോടൊപ്പം കണ്ടെത്തി. സിം കാര്‍ഡ് ഒടിച്ച നിലയിലും ഫോട്ടോ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.

ഹോട്ടല്‍ നടത്തുന്നതിന് സ്ഥലം നോക്കിയെത്തിയ വ്യപാരിയാണ് മൃതദേഹം കണ്ടത്. മരിച്ചത് അമല്‍ തന്നെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തിയെങ്കിലും ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ. മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും.

അമ്മയ്ക്കൊപ്പം ബാങ്കില്‍ പോയപ്പോഴാണ് അമലിനെ കാണാതായത്. സ്വന്തം അക്കൗണ്ടുള്ള ബാങ്കിലെ ഇടപാടു തീര്‍ത്ത് അമ്മ അടുത്ത ബാങ്കിലേക്കു പോകാനായി എത്തിയപ്പോഴാണ് പുറത്തു നിന്നിരുന്ന അമലിനെ കാണാതായത്. ഇതിന് പിന്നാലെ പരിസരങ്ങളിലെല്ലാം മാതാപിതാക്കള്‍ അന്വേഷണം നടത്തിയെങ്കിലും അമലിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ വാടാനപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസിന്റെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അവസാനം പതിഞ്ഞത് തൃപ്രയാറായിരുന്നു.

അമലിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. സ്‌കോളര്‍ഷിപ്പ് തുക ഉള്‍പ്പെടെ ഈ അക്കൗണ്ടിലേയ്ക്കാണ് വന്നിരുന്നത്. പതിനായിരം രൂപയോളം പേ.ടി.എം വഴി രണ്ട് അക്കൗണ്ടുകളിലേയ്ക്ക് പോയിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിം കളിക്കാനായിരുന്നു ഈ തുക ഉപയോഗിച്ചതെന്നായിരുന്നു അന്ന് പുറത്തുവന്ന വിവരം.

Other News