കൊച്ചി: കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സ്വന്തം നാടായ പറവൂരിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, സലീം കുമാർ, സംവിധായകൻ ശ്രീകുമാരൻ തമ്പി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തന്നെ കുറിച്ച് ഓർത്ത് അപമാനഭാരത്താൽ ആരും തലകുനിച്ച് നിൽക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ തുറമുഖ നഗരമാക്കാനുള്ള പദ്ധതികളുടെ തുടക്കം ഉടനുണ്ടാകും. സർക്കാരിന് ഇക്കാര്യത്തിൽ കൃത്യമായ പദ്ധതികളുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു. അതേസമയം, വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാൻ ഒരു നാട് മുറവിളി കൂട്ടിയത് തന്നെ അമ്പരിപ്പെച്ചെന്ന് മോഹൻലാൽ പറഞ്ഞു. മനസിൽ ചങ്ങാതിയുടെ സ്ഥാനമാണ് വി.ഡി.സതീശനുള്ളത്. മലയാളികൾക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. സത്യസന്ധതയും സുതാര്യതയും ഇഴചേർന്നയാളാണ് അദ്ദേഹം. അതുകൊണ്ടാവും ജനം വി.ഡിക്കായി തെരുവിലിറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു.
താൻ രാജാവും മറ്റുള്ളവർ പ്രജകളും എന്ന ചിന്തയുള്ളവർ മുഖ്യമന്ത്രിയായാൽ ശരിയാകില്ലെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. അവിടെ ജനാധിപത്യം പരാജയപ്പെടും. വി.ഡി.സതീശൻ അങ്ങനെയൊരാൾ അല്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് താൻ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ് നേതൃത്വത്തിന്റെ സമീപന രീതികളെയും അദ്ദേഹം വിമർശിച്ചു.
കേരളത്തെ തുറമുഖ നഗരമാക്കും: മുഖ്യമന്ത്രി വി.ഡി.സതീശൻ
