പ്രധാനമന്ത്രി ജനാധിപത്യം കശാപ്പുചെയ്യുമ്പോള്‍ ഏതാണ് നല്ല പ്രവൃത്തി; തരൂരിനോട് കെ. മുരളീധരന്‍


AUGUST 26, 2019, 2:13 PM IST

കോഴിക്കോട്: മോഡി സ്തുതി നടത്തുന്ന നേതാക്കളെ ചൊല്ലി കോണ്‍ഗ്രസില്‍ പോരു മുറുകുന്നു.

ശശി തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മോഡിയെ പ്രശംസിച്ച് സംസാരിച്ചനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.  മോഡി സ്തുതി ബിജെപിയില്‍ മതിയെന്നും നേതാക്കള്‍ പാര്‍ട്ടി നയം അനുസരിക്കണമെന്നും കെ. മുരളീധരന്‍ എം.പി തിങ്കളാഴ്ച കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തരൂരിന് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും പ്രധാനമന്ത്രി ജനാധിപത്യത്തെ കശാപ്പ് ചെയ്യുമ്പോള്‍ ഏതാണ് നല്ല പ്രവൃത്തിയെന്ന് പുകഴ്ത്തുന്നവര്‍ പറയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ 20 എം.പി-മാരും മോഡി വിരുദ്ധ പ്രസ്താവന നടത്താന്‍ ബാധ്യതയുള്ളവരാണ്. ശക്തമായ മോഡി വിരുദ്ധത പറഞ്ഞിട്ട് തന്നെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയത്. അത് ആരും മറക്കരുത്. യു.ഡി.എഫ് തോറ്റ ആലപ്പുഴയില്‍ പോലും മോഡി വിരുദ്ധ നിലപാടാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നും മോഡിയെ വിമര്‍ശിച്ചത് കൊണ്ടാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും മുരളീധരന്‍ വ്യക്തമാക്കി.നിലവിലെ വിവാദം വരുന്ന ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മോഡിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന ആളായിരുന്നു തരൂരെന്നും അദ്ദേഹത്തിന് പെട്ടെന്ന് എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കേസ് ഭയന്നിട്ടണ് തരൂര്‍ മോഡി സ്തുതി നടത്തുന്നതെങ്കില്‍ കേസ് കോടതിയിലാണ് നേരിടേണ്ടതെന്നും അല്ലാതെ മോഡി സ്തുതി നടത്തിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ ശശി തരൂര്‍ മണ്ഡലത്തില്‍ എത്തിയില്ലെങ്കിലും വിജയിക്കും. ഇത്തരത്തില്‍ മോഡി സ്തുതി നടത്തിയ തരൂരിനെതിരേ നടപടിയെടുക്കാന്‍ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും കെ. മുരളീധരന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.തരൂരിനെതിരേ വിമര്‍ശനവുമായി ബെന്നി ബഹനാന്‍ എംപിയും രംഗത്തെത്തി. ബിജെപി നയങ്ങളെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യേണ്ടത്.

മോഡിയെ മഹത്വവല്‍ക്കരിക്കല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമല്ലെന്നും ജനാധിപത്യത്തെ കശാപ്പ് ചെയ്തയാളാണ് മോഡിയെന്നും ബഹനാന്‍ വിമര്‍ശിച്ചു.

Other News