ഒന്നരലക്ഷത്തോളം രൂപ പൊലീസുകാര്‍ വീതിച്ചെടുത്തതായി കണ്ടെത്തല്‍


JULY 17, 2019, 3:59 PM IST

ഇടുക്കി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ഉരുട്ടിക്കൊന്ന രാജ്കുമാറില്‍ നിന്ന് പിടിച്ചെടുത്ത ഒന്നരലക്ഷത്തോളം രൂപ ഡ്രൈവര്‍ നിയാസിന്റെ നേതൃത്വത്തില്‍ പൊലീസുകാര്‍ വീതിച്ചെടുത്തതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ജൂണ്‍ 12ന് കസ്റ്റഡിയിലെടുത്ത രാജ്കുമാറിന്റെ ആരോഗ്യനില നിരന്തരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് വഷളായപ്പോള്‍ 13ന് സ്റ്റേഷന്‍ ജാമ്യം നല്‍കിയെന്ന് വ്യാജരേഖയുണ്ടാക്കിയതായും പ്രതികള്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിട്ടുണ്ട്. എസ്.ഐ കെ.എ. സാബുവിന്റെ നിര്‍ദേശപ്രകാരമാണ് വ്യാജരേഖയുണ്ടാക്കിയതെന്ന് മൂന്നാംപ്രതി നിയാസും നാലാം പ്രതി സജീവ് ആന്റണിയും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതായാണ് വിവരം.രാജ്കുമാറിനെ മര്‍ദിച്ചത് എസ്.ഐ. കെ.എ.സാബുവിന്റെയും എ.എസ്.ഐ സി.ബി. റെജിമോന്റെയും നിര്‍ദേശപ്രകാരമാണെന്നും നെടുങ്കണ്ടം സ്റ്റേഷനിലെ ഡ്രൈവറായ നിയാസ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. കേസില്‍ നിന്ന് പൊലീസുകാരെ രക്ഷിക്കാന്‍ നെടുങ്കണ്ടം പഞ്ചായത്തംഗം ആലീസ് തോമസിനെ കൊണ്ട് മുന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൊടുപ്പിച്ചത് സി.പി.ഒ സജീവ് ആന്റണിയുടെ നിര്‍ദേശപ്രകാരമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ജൂണ്‍ 12 മുതല്‍ 16 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസുകാരുടെ മൊഴികളും സജീവും നിയാസും കൊടുത്ത മൊഴികളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചുവരികയാണ്.

Other News