ആശംസഅര്‍പ്പിക്കാന്‍ നെഹ്‌റു ഗ്രൂപ്പ് സിഇഒ, എതിര്‍പ്പുമായി എസ്.എഫ്.ഐ


JULY 13, 2019, 5:31 PM IST

കോയമ്പത്തൂര്‍: ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സി.പി.എം നിലപാടിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. സംഭവം മറ്റൊന്നുമല്ല, ബി.ടെക് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയെ മാനസികമായി പീഡിപ്പിച്ചുകൊന്നുവെന്ന് സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ തന്നെ ആരോപിക്കുന്ന നെഹ്‌റു കോളജ് ഉടമ പി.കൃഷ്ണകുമാറിന് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ പരിപാടിയിലേയ്ക്ക് ക്ഷണം.

ദേശാഭിമാനിയുടെ കോയമ്പത്തൂര്‍ എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ ആശംസ അര്‍പ്പിക്കാനാണ് പി.കൃഷ്ണകുമാറിനെ ക്ഷണിച്ചിട്ടുള്ളത്. അതേസമയം എസ്.എഫ്.ഐ പി.കൃഷ്ണകുമാറിനെതിരെ തുറന്ന സമരത്തിലുമാണ്. 

എന്നാല്‍ നെഹ്‌റു കോളേജിനെതിരായ നിലപാടില്‍ മാറ്റമില്ലെന്നും, ഇക്കാര്യം സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് എസ്.എഫ്.ഐ പാലക്കാട് കമ്മിറ്റിയുടെ ഇതിനെക്കുറിച്ചുള്ള നിലപാട്.

ജൂലായ് 14 ഞായറാഴ്ചയാണ് ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോയുടെ ഉദ്ഘാടനം. മുന്‍ എം.പി.യും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി. രാജീവ് ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

Other News