കൊച്ചിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ്പ സ്ഥിരീകരിച്ചു; നാലുപേര്‍ നിരീക്ഷണത്തില്‍; ആശങ്ക വേണ്ട ജാഗ്രത മതി: മന്ത്രി


JUNE 4, 2019, 10:58 AM IST

കൊച്ചി: കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന വടക്കന്‍ പറവൂര്‍ സ്വദേശിയായ യുവാവിന് നിപ്പ വൈറസ് ബാധയാണെന്ന് പൂനെ വൈറോളജി ലാബിലെ പരിശോധനയില്‍ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  രോഗിയുമായി അടുത്തിടപഴകിയ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള നാലുപേര്‍ നിരീക്ഷണത്തിലാണ്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് നിപ്പ ബാധിതനായ യുവാവ് ചികിത്സയിലുഴ്‌ഴത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനാ ഫലം പോസിറ്റീവായിരുന്നു.


അതേ സമയം വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയതായും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. ഓസ്‌ട്രേലിയയില്‍ നിന്നും കൊണ്ടുവന്ന മരുന്നുകള്‍ സ്റ്റോക്കുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രിയും ആരോഗ്യ സെക്രട്ടറിയും തന്നെ വിളിച്ചിരുന്നതായും കൂടുതല്‍ മരുന്നുകള്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എയിംസില്‍നിന്നുള്ള ആറംഗസംഘം കൊച്ചിയില്‍ എത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പുതിയ നിപ്പ കേസിന്റെ ഉറവിടം ഇടുക്കിയാണെന്ന് പറയാനാകില്ലെന്നും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥറും വ്യക്തമാക്കി.

അതേസമയം, രോഗിയുമായി അടുത്തിടപഴകിയ നാലു പേര്‍ കൂടി നിരീക്ഷണത്തിലാണെന്നും ഒരാളെ ഐസൊലെഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. സുഹൃത്തുക്കളില്‍ രണ്ടു പേര്‍ക്കും ആദ്യം രോഗിയെ പരിചരിച്ച രണ്ടു നഴ്‌സുമാര്‍ക്കുമാണ് പനി ബാധിച്ചത്. ആരുടെയും സ്ഥിതി ഗുരുതരമല്ല.


Other News