പി ജയചന്ദ്രന്‍ വിടവാങ്ങി

പി ജയചന്ദ്രന്‍ വിടവാങ്ങി


തൃശൂര്‍: ഭാവഗായകന്‍ പി ജയചന്ദ്രന്‍ നിര്യാതനായി. 80 വയസ്സായിരുന്നു. തൃശൂര്‍ അമല ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഏറെ നാളുകളായി അര്‍ബുദ ബാധിതനായിരുന്നു. സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റേയും സുഭ്രദ്രക്കുഞ്ഞമ്മയുടേയും മകനായി 1944 മാര്‍ച്ച് മൂന്നിനാണ് പാലിയത്ത് ജയചന്ദ്രക്കുട്ടന്‍ എന്ന പി ജയചന്ദ്രന്‍ എറണാകുളത്തെ രവിപുരത്ത് ജനിച്ചത്. പിന്നീട് കുടുംബം തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റുകയായിരുന്നു. 

1965ല്‍ പുറത്തിറങ്ങിയ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിലെ ഒരു മുല്ലപ്പൂമാലയുമായി എന്ന ഗാനം പാടിയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറിയത്. ആ ഗാനം പുറത്തു വരുന്നതിന് മുമ്പ് മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഈ ഗാനമാണ് ജയചന്ദ്രന് മലയാള സിനിമാ ലോകത്ത് ഇരിപ്പിടം നല്‍കിയത്. 

നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച പി ജയചന്ദ്രന്‍ മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉള്‍പ്പെടെ പതിനയ്യായിരത്തിലേറെ ഗാനങ്ങളാണ് ആലപിച്ചത്. പി എ ബക്കര്‍ സംവിധാനം നിര്‍വഹിച്ച നാരായണ ഗുരു എന്ന സിനിമയില്‍ ജി ദേവരാജന്‍ ഈണം നല്‍കിയ ശിവശങ്കര സര്‍വ്വശരണ്യവിഭോ എന്ന ഗാനത്തിന് ആദ്യ ദേശീയ പുരസ്‌ക്കാരം ലഭിച്ചു. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം അഞ്ചു തവണ ലഭിച്ച അദ്ദേഹത്തിന് 1997ല്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്‌ക്കാരവും ലഭിച്ചു. 

സ്‌കൂള്‍ കലോത്സവത്തില്‍ സജീവ സാന്നിധ്യമായാണ് ജയചന്ദ്രന്‍ രംഗത്തെത്തിയത്. ലളിത സംഗീതത്തിനും മൃദംഗ വായനയ്ക്കും നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. 

നഖക്ഷതങ്ങള്‍, ശ്രീകൃഷ്ണപ്പരുന്ത്, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളിലും സംഗീത ആല്‍ബങ്ങളിലും ജയചന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്.