തലസ്ഥാനത്തുനിന്നും അവശ്യസാധനങ്ങളുമായി വയനാടിലേയ്ക്കും മലപ്പുറത്തേയ്ക്കും വാഹനങ്ങള്‍


AUGUST 12, 2019, 8:05 PM IST

തിരുവന്തപുരം: അവശ്യസാധനങ്ങളുമായി മലപ്പുറം,വയനാട് എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന വാഹനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് നല്‍കി. മുഖ്യമന്ത്രി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നിലവില്‍ എട്ടാമത്തേയും ഒന്‍പതാമത്തെയും വണ്ടികളാണ് സാധനങ്ങളുമായി പ്രളയദുരിതബാധിത പ്രദേശങ്ങളിലേയ്ക്ക് യാത്രയാകുന്നത്. നേരത്തെ ഏഴോളം വാഹനങ്ങള്‍ ഇത്തരത്തില്‍ യാത്രതിരിച്ചിട്ടുണ്ടെന്ന് മെയര്‍ പി.കെ പ്രശാന്ത് അറിയിച്ചു.

ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാന്‍ എല്ലാ പരിഗണനകളും മറന്നുള്ള ജനങ്ങളുടെ താല്പര്യമാണ് തിരുവനന്തപുരം നഗരസഭ ആസ്ഥാനത്തു കണ്ടതെന്നും നൂറുകണക്കിന് യുവജനങ്ങളാണ് ഈ യജ്ഞത്തില്‍ ഭാഗഭാക്കായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ജില്ലാകലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഓരോ ജില്ലയിലെയും ആവശ്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. അതിനനുസരിച്ചുള്ള സാധനങ്ങള്‍ ശേഖരിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു. മാത്രമല്ല തലസ്ഥാനത്തുതന്നെ സര്‍ക്കാരിന്റേയും വിവിധ സംഘടനകളുടെയും  നേതൃത്വത്തില്‍ നിരവധി സംഭരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം  ജില്ലാ ആസൂത്രണ സമിതിയിലേയ്ക്കും ജില്ലാ പഞ്ചായത്ത് ആരംഭിച്ച  ശേഖരണ കേന്ദ്രത്തിലേക്കും വലിയ ആവേശത്തോടെയാണ് ജനങ്ങള്‍ സാധനങ്ങള്‍ എത്തിക്കുന്നത്. ഈ സാഹായത്തിന് ഏവരോടും മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു.

Other News