മരണം 22, പ്രളയമില്ല, മറ്റേന്നാള്‍ മഴ തീവ്രത കുറയും- മുഖ്യമന്ത്രി


AUGUST 9, 2019, 7:03 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയാണെന്നും എന്നാല്‍ നാളെ കഴിഞ്ഞാല്‍ തീവ്രതകുറയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കനത്ത മഴയെ തുടര്‍ന്ന സംസ്ഥാനം വീണ്ടും ദുരിതബാധിത പ്രദേശമാകുന്ന സാഹചര്യത്തില്‍ പത്രസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഓഗസ്റ്റ് 15ന് വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. മഴക്കെടുതിയില്‍ ഇതുവരെ 22 പേര്‍ മരിച്ചതായി മുഖ്യമന്ത്രി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 24 ഇടത്ത് ഉരുള്‍പൊട്ടി.

315 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതായും 5936 കുടുംബങ്ങള്‍ ക്യാംപുകളിലേയ്ക്ക് മാറിയതായും മുഖ്യമന്ത്രി പറഞ്ഞു. 22165 പേരാണ് സംസ്ഥാനത്ത് ക്യാംപുകളില്‍ കഴിയുന്നത്. ഏറ്റവുമധികം ക്യാംപുകളുള്ള വയനാട്ടില്‍ പതിനായിരത്തോളം പേരാണ് ക്യാംപുകളില്‍ കഴിയുന്നത്.തിരുവനന്തപുരത്ത് 656 പേരും പത്തനംതിട്ടയില്‍ 62 പേരും ആലപ്പുഴയില്‍ 12 പേരും ഇടുക്കിയില്‍ 299 പേരും എറണാകുളത്ത് 1695 പേരും പാലക്കാട് 1200 പേരും കണ്ണൂരില്‍ 1453 പേരും കാസര്‍കോട് 18 പേരും ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. ക്യംപുകളില്‍ അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ഏകോപനം കളക്ടര്‍മാര്‍ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ക്യാംപുകളിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ ശേഖരിക്കുന്നതിനുള്ള കളക്ഷന്‍ സെന്ററുകള്‍ ഉടന്‍ തുറക്കും. വസ്ത്രങ്ങള്‍, കിടക്കാനുള്ള പായ, ഭക്ഷണം, പാത്രങ്ങള്‍, തുടങ്ങിയവയാണ് ശേഖരിക്കുക. ക്യാംപുകളില്‍ കുടിവെള്ളം ഒരുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ക്യാംപുകളില്‍ സന്നദ്ധസേവനത്തിനായി താത്പര്യമുള്ള വോളന്റിയര്‍മാര്‍ ജില്ലാ അധികൃതരുമായി ബന്ധപ്പെടണം. സഹായത്തിന് സന്നദ്ധരായവര്‍ നേരിട്ട് ക്യാംപുകളില്‍ എത്തുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് ഇന്നലെ 24 കേന്ദ്രങ്ങളിലാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായത്. മലയോര മേഖലകളില്‍ ഈ അവസ്ഥ തുടരാന്‍ സാധ്യതയുണ്ട്. ഈ മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍. വയനാട് മേപ്പാടിയിലാണ് ഏറ്റവും വലിയ ഉരുള്‍പൊട്ടലുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യോമസേനയുടെ സഹായം ഇന്നലെ തന്നെ സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ചാലക്കുടിയില്‍ വെള്ളമുയരാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.കഴിഞ്ഞ തവണത്തേതു പോലുള്ള പ്രളയത്തിന് ഇപ്പോള്‍ സാധ്യതയില്ലെന്നും എന്നാല്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.പ്രളയബാധിത ജില്ലകളിലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാര്‍ക്ക് ജില്ലകളുടെ പ്രത്യേക ചുമതല നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.അണക്കെട്ടുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ചു വരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കിയില്‍ ഇപ്പോള്‍ 30 ശതമാനം മാത്രമാണ് വെള്ളമുള്ളത്. പമ്പയില്‍ 50 ശതമാനവും കക്കിയില്‍ 25 ശതമാനവും മാത്രമാണ് വെള്ളമുള്ളത്. ഷോളയാര്‍, ഇടമലയാര്‍ ഡാമുകളില്‍ 40 ശതമാനം വെള്ളമുണ്ട്. 78 ശതമാനം വെള്ളമുള്ള ബാണാസുര സാഗര്‍ വരും ദിവസങ്ങളില്‍ തുറന്നു വിടാനുള്ള സാഹചര്യമുണ്ട്. ഡാമുകള്‍ തുറന്നു വിടേണ്ടി വന്നാല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ചില ജല വിതരണ പദ്ധതികള്‍ തകരാറിലായിട്ടുണ്ടെന്നും അവ നന്നാക്കുന്നതു വരെ ടാങ്കറില്‍ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ഭരണസംവിധാനങ്ങള്‍ 24 മണിക്കൂറും ഉണര്‍ന്നു പ്രവര്‍ത്തിക്കും. എന്‍ഡിആര്‍എഫിന്റെ 13 ടീമുകള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇവരെ മൂന്ന് ജില്ലകളിലായി വിന്യസിച്ചിരിക്കുകയാണ്. കൂടുതല്‍ കേന്ദ്രസേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തകര്‍ന്ന റോഡുകളും പാലങ്ങളും പുനസ്ഥാപിക്കാന്‍ എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സിന്റെ മൂന്ന് ടീമുകള്‍ സംസ്ഥാനത്ത് എത്തും. രക്ഷാപ്രവര്‍ത്തനത്തിനായി നിലവില്‍ സൈന്യത്തിന്റെ സേവനം ലഭ്യമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി മദ്രാസ് റെജിമെന്റിന്റെ രണ്ട് ടീമുകളെ ദുരിതബാധിത പ്രദേശങ്ങളില്‍ നിയോഗിക്കുംഅപകടസാധ്യതയുള്ളിടങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപകടമുള്ളിടത്തു നിന്ന് നിര്‍ബന്ധമായും ജനങ്ങള്‍ മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തകരുമായി എല്ലാവരും സഹകരിക്കണം.വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണം. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലകളിലേയ്ക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

കൊച്ചിയില്‍ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇറങ്ങുക. യാത്രക്കാരുടെ സൗകര്യത്തിനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയ്ക്ക് പ്രത്യേക ബസ് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊച്ചി നേവല്‍ ബേസിലെ നാവികസേനാ വിമാനത്താവളം ഉപയോഗപ്പെടുത്താനാകുമോ എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ട്രെയിനുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ അതതു സ്റ്റേഷനുകളില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കും. റെയില്‍വേ ട്രാക്കില്‍ മരം വീണാല്‍ ഉടന്‍ നീക്കാന്‍ റെയില്‍വേയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ കഴിഞ്ഞ വര്‍ഷം മത്സ്യത്തൊഴിലാളികള്‍ നടത്തിയതു പോലെ എല്ലാവരും തങ്ങള്‍ക്കാകുന്നതു പോലെ അവരുടെ പങ്കു വഹിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു

Other News