ചുഴലിക്കാറ്റും പെരുമഴയും; സംസ്ഥാനത്ത് നാലുദിവസം കനത്ത ജാഗ്രത


DECEMBER 1, 2020, 5:32 AM IST

തിരുവനന്തപുരം: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് സംസ്ഥാനത്ത് അടുത്ത നാലുദിവസം ചുഴലിക്കാറ്റിനും അതിതീവ്ര മഴയ്ക്കും സാധ്യത. ഇതെതുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് കര്‍ശനമായി വിലക്കി. കടലില്‍ പോയ ബോട്ടുകളും വള്ളങ്ങളും കരയ്ക്കടുപ്പിക്കാന്‍ ദുരന്ത നിവാരണ സേന നിര്‍ദേശം നല്‍കി.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് നാളെ ചുഴലിക്കാറ്റായി വീശുന്നത്. കന്യാകുമാരിക്ക് ആയിരം കിലോമീറ്റര്‍ അടുത്തെത്തിയ കാറ്റ് ശ്രീലങ്കയ്ക്കും ഇന്ത്യയുടെ തെക്കന്‍ തീരത്തിനുമിടയിലൂടെ അറബിക്കടലിലേക്കും അവിടെ നിന്ന് ഒമാന്‍ തീരത്തേക്കുമാണ് കുതിക്കുന്നത്. വഴിതിരിഞ്ഞ് ഇന്ത്യന്‍തീരത്തടിച്ചാല്‍ കൊടിയ നാശം വിതയ്ക്കും. നാലു ദിവസത്തേക്ക് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ഡിസംബര്‍ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസം. 2ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 3ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 4ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്.ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ഡിസം.4 ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അതീവജാഗ്രത,നേരിടാന്‍ നേവിയും വ്യോമസേനയും സജ്്ജമായി.  ചുഴലിക്കാറ്റിന്റെ സാദ്ധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ അടിയന്തര സംവിധാനങ്ങള്‍ ഒരുക്കുകയും മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ മത്സ്യബന്ധനം നിരോധിച്ചു. കടലിലുള്ളവര്‍ സുരക്ഷിത തീരത്ത് എത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ക്യാമ്പുകള്‍ ഒരുക്കും. സുരക്ഷിതമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കും.

രക്ഷാപ്രവര്‍ത്തനത്തിന് കപ്പലുകള്‍ സജ്ജമാക്കി നിറുത്താന്‍ നേവിക്കും കോസ്റ്റ്ഗാര്‍ഡിനും നിര്‍ദേശം നല്‍കി.ഹെലികോപ്ടര്‍ അടക്കം സജ്ജമാക്കാന്‍ വ്യോമസേനയോടും ആവശ്യപ്പെട്ടു.ദേശീയ ദുരന്ത നിവാരണ സേനയുടെ 7 സംഘത്തെക്കൂടി ആവശ്യപ്പെട്ടു. ഇരുപത്തിനാലു മണിക്കൂറും കണ്‍ട്രോള്‍ റൂം തുറന്നു.

വൈദ്യുതി ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബിയുടെ സംഘങ്ങളെ വിന്യസിക്കും. ചെറിയ ഡാമുകള്‍ തുറന്നുവിടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശബരിമലയില്‍ അടക്കം ജാഗ്രത.