സുരക്ഷാഭീഷണി; രാഹുല്‍ ഗാന്ധിയുടെ പാതാര്‍ സന്ദര്‍ശനം റദ്ദാക്കി


AUGUST 29, 2019, 9:48 PM IST

മലപ്പുറം:പേമാരിയെത്തുടർന്നു ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും അക്ഷരാർത്ഥത്തിൽ തകർന്നടിഞ്ഞ മലപ്പുറം പോത്തുകല്ലിലെ പാതാറിൽ നടത്താനിരുന്ന സന്ദർശനം രാഹുൽ ഗാന്ധി എം പി റദ്ദാക്കി.മാവോയിസ്റ്റ് ഭീഷണി മൂലമാണ് രാഹുലിന്റെ സന്ദര്‍ശനം റദ്ദാക്കിയത്.സുരക്ഷാ പ്രശ്നങ്ങളെത്തുടര്‍ന്ന് പൊലീസ് ആവശ്യപ്പെട്ടതുകൊണ്ടാണ് വെള്ളിയാഴ്‌ച നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

വയനാട്ടില്‍ സന്ദര്‍ശനം തുടർന്ന രാഹുല്‍ ഗാന്ധി,  പ്രളയ ബാധിതര്‍ക്ക് യഥാസമയം നഷ്ടപരിഹാരം കിട്ടാനായി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പറഞ്ഞു.

കേന്ദ്രത്തിലോ കേരളത്തിലോ കോണ്‍ഗ്രസിന് അധികാരമില്ല. എന്നാല്‍ ജനങ്ങളില്‍ ഒരാളായി നിന്ന് ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി തിരുവമ്പാടിയില്‍ വ്യക്തമാക്കി.

മുക്കം കാരശ്ശേരിയിലെ എം പി ഓഫീസ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ചടങ്ങില്‍ ആദരിച്ചു. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബത്തിന് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സമാഹരിച്ച 15 ലക്ഷം രൂപ രാഹുല്‍ഗാന്ധി കൈമാറി.

Other News