മഴക്കെടുതിയില്‍ മൂന്നുമരണം, എട്ടുപേരെ കാണാതായി; 23 വരെ കനത്ത മഴയ്ക്ക് സാധ്യത


JULY 20, 2019, 5:12 AM IST

തിരുവനന്തപുരം:കാലവർഷം കനത്തപ്പോള്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്‌ടം. മഴക്കെടുതിയില്‍ മൂന്നുപേര്‍ മരിച്ചു.മൂന്ന് തമിഴ്‌നാട് സ്വദേശികൾ ഉൾപ്പെടെ എട്ടുപേരെ കാണാതായി.

23 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുനല്‍കി. കാറ്റും ശക്തമാവും. ചിലയിടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുത്.

കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തര്‍വീതം മരിച്ചത്. തലശ്ശേരിയില്‍ വിദ്യാര്‍ഥിയായ ചിറക്കര മോറക്കുന്ന് മോറാല്‍ക്കാവിനു സമീപം സീനോത്ത് മനത്താനത്ത് ബദറുല്‍ അദ്‌നാന്‍(17) കുളത്തില്‍ മുങ്ങിമരിച്ചു. പത്തനംതിട്ടയില്‍ മീന്‍ പിടിക്കാന്‍ പോയ തിരുവല്ല വള്ളംകുളം നന്നൂര്‍ സ്വദേശി ടി.വി. കോശി(54) മണിമലയാറ്റില്‍ വീണുമരിച്ചു. കൊല്ലത്ത് കാറ്റില്‍ തെങ്ങുവീണ് പനയം ചോനംചിറ സ്വദേശി കുന്നില്‍തൊടിയില്‍ ദിലീപ് കുമാര്‍ (54) മരിച്ചു.

കോട്ടയം കിടങ്ങൂര്‍ കാവാലിപ്പുഴ ഭാഗത്ത് മീനച്ചിലാറ്റില്‍ ഒഴുകിവന്ന തടി പിടിക്കാനിറങ്ങിയ ഒരാളെ ഒഴുക്കില്‍പ്പെട്ടു കാണാതായി. കൊല്ലം നീണ്ടകരയില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം കാറ്റില്‍പ്പെട്ടുതകര്‍ന്ന് തമിഴ്‍നാട്  സ്വദേശികളായ മൂന്നുപേരെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്നു ബുധനാഴ്‌ച  മീന്‍പിടിക്കാന്‍ പോയ നാലു മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്‌ചയും കണ്ടെത്താനായില്ല.

ശനിയാഴ്‌ച കാസര്‍കോട്, ഞായറാഴ്‌ച കോഴിക്കോട്, വയനാട്, തിങ്കളാഴ്‌ച ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതിതീവ്ര മഴ  ഈ ദിവസങ്ങളില്‍ ഉണ്ടാകാം.

മഴ കനത്തതോടെ കല്ലാര്‍കുട്ടി, പാംബ്ല, ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി. 10 ക്യുമെക്‌സ് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത്. പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 15 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നു.ഭൂതത്താന്‍കെട്ട് ഡാമിന്റെ ഒന്പതുഷട്ടറുകള്‍ തുറന്നു. മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി.

വലിയ അണക്കെട്ടുകളെ സംബന്ധിച്ച്‌ ആശങ്ക വേണ്ടെന്നു വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു. ഇവയില്‍ ജലനിരപ്പ് കുറവാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ചത്തെക്കാള്‍ 0.78 അടി വര്‍ധിച്ച്‌ 2304.4 അടിയിലെത്തി. കഴിഞ്ഞവര്‍ഷം ഇതേസമയം 2380.42 അടിയായിരുന്നു. 76.02 അടി വെള്ളം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണിപ്പോള്‍.

ശനിയാഴ്‌ച രാത്രി പതിനൊന്നരവരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോഡ് വരെ തീരത്ത് 2.9 മുതല്‍ 3.3 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം അറിയിച്ചു.