നിയമ സഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐ ഏറ്റെടുക്കുന്നു; ഒല്ലൂര്‍ എം.എല്‍.എ കെ. രാജന് അവസരം


JUNE 25, 2019, 2:06 PM IST

തിരുവനന്തപുരം: നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാന ഏറ്റെടുക്കാന്‍ തീരുമാനിച്ച സിപിഐ ആ സ്ഥാനത്തിന് ഒല്ലൂര്‍ എം.എല്‍.എ കെ. രാജനെ തീരുമാനിച്ചു. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവാണ്  ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് രാജി വച്ച ഇ.പി ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോള്‍ സി.പി.ഐ പ്രതിനിധിയെ ചീഫ് വിപ്പ് ആക്കാമെന്ന് സി.പി.എം വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കാബിനറ്റ് റാങ്കുള്ള പദവി ഏറ്റെടുത്താല്‍ അത് ഖജനാവിന് അധികച്ചെലവുണ്ടാക്കുമെന്ന വാദമുന്നയിച്ച് സി.പി.ഐ അന്ന് അത് പദവി ഏറ്റെടുക്കാന്‍ തയാറായില്ല.

ജയരാജനെ വീണ്ടും മന്ത്രിയാക്കണമെങ്കില്‍ സി.പി.എം മന്ത്രിമാരില്‍ ആരെങ്കിലും രാജിവച്ചൊഴിയണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് വിപ്പ് സ്ഥാനം വാഗ്ദാനം ചെയ്തത്. ഒരു വര്‍ഷത്തിനു ശേഷം ചീഫ് വിപ്പ് പദവി ഏറ്റെടുക്കുമ്പോള്‍ നാല് മന്ത്രിമാര്‍ ഉള്‍പ്പെടെ ആറ് കാബിനറ്റ് പദവികള്‍ സി.പി.ഐയ്ക്ക് ലഭിക്കും.

അതേസമയം യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പി.സി ജോര്‍ജിനെ ചീഫ് വിപ്പ് ആക്കിയതിനെ വിമര്‍ശിച്ച് ഇടതു നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Other News