മരിച്ച മാധ്യമപ്രവര്‍ത്തകനെ ഇടിച്ച കാറോടിച്ചത് മദ്യപിച്ച യുവ ഐ.എഎസ് ഓഫീസര്‍ തന്നെയെന്ന് പോലീസ്, സുഹൃത്തും ഓഫീസര്‍ക്കെതിരെ മൊഴി നല്‍കി


AUGUST 3, 2019, 2:39 PM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ കാറോടിച്ചത് യുവ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെന്ന് പോലീസ്  വ്യക്തമാക്കി. അദ്ദേഹത്തെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് വാഹനമോടിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തലെന്നും ഡി.സി.പി. മാധ്യമങ്ങളോട് പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തിട്ടുണ്ടെന്നും കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഡി.ജി.പി. ലോക് നാഥ് ബെഹ്‌റ പറഞ്ഞതായി പ്രമുഖ ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തത്. അപകടം നടന്ന് പത്തുമണിക്കൂറോളം പിന്നിട്ടശേഷമായിരുന്നു ഇത്. 

അതിനിടെ, ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തും മോഡലുമായ വഫ ഫിറോസും ശ്രീറാമിനെതിരെ പോലീസിന് മൊഴി നല്‍കി. കവടിയാര്‍ വരെ താനാണ് വാഹനമോടിച്ചതെന്നും പിന്നീട് ശ്രീറാം വെങ്കിട്ടരാമന്‍ കാറെടുത്തെന്നുമാണ് വഫയുടെ മൊഴി. എന്നാല്‍ കാറോടിച്ചത് വഫ ഫിറോസാണെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ പോലീസിനോട് നേരത്തെ പറഞ്ഞത്.

ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപത്തുവച്ചാണ്  ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീര്‍ മരിച്ചത്. അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും മോഡലുമായ വഫ ഫിറോസുമായിരുന്നു വാഹനത്തില്‍. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

 വഫ ഫിറോസിന്റെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്. 

Other News