തെരഞ്ഞെടുപ്പില്‍ പ്രമുഖരെ ഇറക്കാന്‍ ഉറപ്പിച്ച് ബിജെപി;  അഞ്ചിടത്ത് പ്രതീക്ഷ


JANUARY 24, 2019, 5:54 PM IST

തിരുവനന്തപുരം:  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖരായവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പെടുത്താന്‍ ബിജെപി നീക്കം. മിസോറാമിലേക്ക് ഗവര്‍ണറായി പോയ കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവന്ന് തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്. ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ നടത്തിയ പ്രക്ഷോഭം രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. കേരളത്തിലെ അഞ്ച് ലോക് സഭാമണ്ഡലങ്ങളില്‍ വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ബിജെപി വച്ചുപുലര്‍ത്തുന്നു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് എന്നിവയാണു പാര്‍ട്ടി ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങള്‍. തിരുവനന്തപുരം ഏതു വിധേനയും പിടിച്ചെടുത്തേ തീരൂവെന്നാണു കേന്ദ്ര നിര്‍ദേശം. ഏറ്റവും മികച്ച സ്ഥാനാര്‍ഥി തിരുവനന്തപുരത്ത് എന്നാണു ചിന്ത.

കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. എന്നാല്‍ കേന്ദ്രനേതൃത്വത്തിന്റെയാകും അന്തിമ തീരുമാനം. കുമ്മനമില്ലെങ്കില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള മത്സരിച്ചേക്കാം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരുമുണ്ട്.

പാര്‍ട്ടി നേതാക്കളല്ലെങ്കില്‍ പിന്നെ രാജ്യസഭാംഗമായ നടന്‍ സുരേഷ് ഗോപിക്കാണു സാധ്യത. കേരളത്തില്‍ തരംഗം തന്നെ സൃഷ്ടിക്കാനായി ദേശീയ നേതാക്കളാരെങ്കിലും തിരുവനന്തപുരത്തു മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മധുര സ്വദേശിയായ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പേരു മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍ രാജ്യസഭാംഗമായ അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്നാണു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

പത്തനംതിട്ടയിലും ശ്രീധരന്‍പിള്ളയുടെ പേരുണ്ട്. നേരത്തേ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെയാണ് അവിടെ കണ്ടുവച്ചത്. ഇപ്പോള്‍ ചിത്രത്തില്‍ അദ്ദേഹമില്ല. കഴിഞ്ഞ തവണ മത്സരിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെ പേര് വീണ്ടും കേള്‍ക്കുന്നു. ആറ്റിങ്ങലില്‍ മുന്‍ ഡിജിപി: ടി.പി. സെന്‍കുമാറിനെ മത്സരിപ്പിക്കാന്‍ നീക്കമുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്‌സഭാ സീറ്റിനു കീഴിലുള്ള മണ്ഡലങ്ങളിലെ ബിജെപി മുന്നേറ്റമാണു തൃശൂരിനെക്കുറിച്ചുള്ള പ്രതീക്ഷയ്ക്ക് അടിസ്ഥാനം. പ്രധാനമന്ത്രി 27ന് പങ്കെടുക്കുന്ന യുവമോര്‍ച്ചാ റാലിക്കു തിരഞ്ഞെടുത്തതും തൃശൂരാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണനോ കെ. സുരേന്ദ്രനോ സ്ഥാനാര്‍ഥിയാകാനാണു സാധ്യത. ബിജെപി മികച്ച പ്രകടനം കാഴ്ച വയ്ക്കാറുള്ള പാലക്കാട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പേരാണു മുന്നില്‍. സംസ്ഥാന സെക്രട്ടറിയും നഗരസഭാ ഉപാധ്യക്ഷനുമായ സി.കൃഷ്ണകുമാറിന്റെ പേരാണ് സംഘടനക്കുളളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. മണ്ഡലത്തില്‍ നടത്തിയ സ്വകാര്യസര്‍വേയില്‍ മുന്നിലെത്തിയതും കൃഷ്ണകുമാറാണ്.

കാസര്‍കോട്ടും കെ. സുരേന്ദ്രന്റെ പേരു പ്രചരിക്കുന്നുവെങ്കിലും അദ്ദേഹത്തിന് അവിടെ താല്‍പര്യമില്ലെന്ന സൂചനയുണ്ട്. ജില്ലയിലെ ഒരു വിഭാഗത്തിനു സുരേന്ദ്രനോടുള്ള അതൃപ്തി പരസ്യമായ രഹസ്യമാണ്. സുരേഷ് ഗോപി കാസര്‍കോടായാലോ എന്ന് അഭിപ്രായപ്പെടുന്നുവരുണ്ട്. സംസ്ഥാന കൗണ്‍സില്‍ അംഗം രവീശ തന്ത്രി കുണ്ടാറിനും സാധ്യതയുണ്ട്. പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭന്‍ എന്നിവരും മത്സരരംഗത്തുണ്ടാകുമെന്ന സൂചനകളാണു ശക്തം.


Other News