സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏകദേശ ധാരണയായെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി; ഉമ്മന്‍ ചാണ്ടിക്ക് എവിടെയും മത്സരിക്കാം 


JANUARY 24, 2019, 6:18 PM IST

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏകദേശ ധാരണയായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്നാണ് പാര്‍ട്ടി തീരുമാനമെന്നും ഏത് സീറ്റ് നല്‍കാനും തയാറാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം കോട്ടയത്തിന് പുറമെ ഒരു സീറ്റ് കൂടി വേണമെന്നും ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ മല്‍സരിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും കേരള കോണ്‍ഗ്രസ് എം നേതാവ് പി.ജെ ജോസഫ് പറഞ്ഞു

ലോക്‌സഭ തിരഞ്ഞെടുപ്പോടെ ഉമ്മന്‍ചാണ്ടി ദേശീയരാഷ്ട്രീയത്തിലേക്ക് മാറുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കെ.പി.സി.സി പ്രസിഡന്റിന്റ പ്രസ്താവന.

20 സീറ്റുകള്‍ സംബന്ധിച്ചും ഏകദേശ ധാരണയായി. ലീഗിന് 3 സീറ്റ് നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉമ്മന്‍ചാണ്ടി ഏത് സീറ്റില്‍ നിന്നാലും ജയിക്കുമെന്നും പക്ഷെ മല്‍സരിക്കുന്ന കാര്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും കെ. മുരളീധരന്‍ പ്രതികരിച്ചു

കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന് യുഡിഎഫ് യോഗത്തില്‍  ആവശ്യപ്പെട്ടെന്ന്  പി.ജെ.ജോസഫ്  വെളിപ്പെടുത്തി. മൂന്നാമതൊരു സീറ്റ് കൂടി ആവശ്യപ്പെടുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു മുസ്ലീംലീഗ് നേതാവ്  പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ലീഗ് ഇടപെടാറില്ല. ഉമ്മന്‍ചാണ്ടി മല്‍സരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ അത് മുന്നണിയില്‍ പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Other News