എ.പി അബ്ദുള്ളക്കുട്ടിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു; പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും


JUNE 3, 2019, 10:38 AM IST

തിരുവനന്തപുരം: മുന്‍ എം.പിയും എം.എല്‍.എയുമായിരുന്ന എ.പി അബ്ദുള്ളക്കുട്ടിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മോദിയെ പ്രകീര്‍ത്തിച്ച അബ്ദുള്ളക്കുട്ടിക്കെതിരെ നടപടിക്ക് കോണ്‍ഗ്രസില്‍ ധാരണയായി. ആറുവര്‍ഷത്തേക്ക് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനാണ് ആലോചിക്കുന്നത്. നേതൃത്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് അബ്ദുള്ളക്കുട്ടി മറുപടി നല്‍കിയില്ല. മോദിയെ പ്രശംസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയും വികസന അജണ്ടയുമാണ് ബിജെപിക്ക് വന്‍ വിജയം സമ്മാനിച്ചതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. മോദി ഭരണത്തില്‍ ഗാന്ധിയന്‍ മൂല്യമുണ്ടെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെടുന്നു. പാവപ്പെട്ടവരുടെ മുഖം ഓര്‍മിച്ചാണ് മോദി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. സ്വച്ഛ് ഭാരത് പദ്ധതി വഴി ശൗച്യാലയങ്ങള്‍ നല്‍കിയതും ഉജ്ജ്വല്‍യോജന പദ്ധതി വഴി പാചകവാതക കണക്ഷന്‍ നഷകിയതുമെല്ലാം അബ്ദുള്ളക്കുട്ടി ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ബുള്ളറ്റ് ട്രെയിന്‍ അടക്കമുള്ള സ്വപ്‌ന പദ്ധതികളും മോദി ആവിഷ്‌കരിക്കുന്നു. വിമര്‍ശനങ്ങള്‍ക്കപ്പുറം വികസനത്തിനും പുരോഗതിക്കുമായി ചര്‍ച്ചകള്‍ നടത്താന്‍ സമയമായെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്.

ഇതേത്തുടര്‍ന്ന് വി.എം സുധീരന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. അബ്ദുള്ളക്കുട്ടിയെ ഉടന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വൈകാതെ കെ.പി.സി.സി അധ്യക്ഷന്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വരുമോയെന്നത് കാത്തിരുന്ന കാണാമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം കോഴിക്കോട്ട് പറഞ്ഞത്.


Other News