മിമിക്രി കലാകാരന്റെ വെളിപ്പെടുത്തല്‍: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുന്നു 


JUNE 2, 2019, 5:20 PM IST

തിരുവനന്തപുരം : വയലിനിസ്റ്റ്  ബാലഭാസ്‌കറിന്റെ അപകട മരണത്തിലെ ദുരൂഹതകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുന്നു.


സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസും ബാലഭാസ്‌കറിന്റെ മരണവും തമ്മില്‍ ബന്ധമുണ്ടെന്ന സൂചനകള്‍ പോലീസിനു ലഭിച്ചതിനുപിന്നാലെ മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി ജോര്‍ജ് നടത്തിയ പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ചും അന്വേഷണം നടത്തും. സോബി ജോര്‍ജില്‍ നിന്ന്  അന്വേഷണസംഘം മൊഴി എടുക്കും. അപകടസ്ഥലത്ത് നിന്നും രണ്ടുപേര്‍ രക്ഷപെടുന്നത് കണ്ടു എന്ന് സോബി ജോര്‍ജ് ന്യൂസ് 18നോട് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് വിശദമായ അന്വേഷണമെന്ന് എസ് പി വ്യക്തമാക്കി.


ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ സോബി ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സോബിയോട് ഉടന്‍ ഹാജരാകാന്‍ ആവശ്യപ്പെടും. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് എസ് പി കെ.എം ആന്റണി വ്യക്തമാക്കി.


ബാലഭാസ്‌കറിന് അപകടം സംഭവിക്കുന്ന സ്ഥലത്ത് നിന്ന് രണ്ടുപേര്‍ രക്ഷപ്പെടുന്നത് കണ്ടെന്നായിരുന്നു സോബി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശ് തമ്പിയോട് ഇക്കാര്യം പറഞ്ഞെങ്കിലും കാര്യമായെടുത്തില്ലെന്നും സോബി ജോര്‍ജ് ആരോപിച്ചു.

സോബി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ഗായകന്‍ മധു ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചു. മരണത്തിന് സാമ്പത്തിക ഇടപാടുകള്‍ കാരണമായിട്ടുണ്ടെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണിയും വ്യക്തമാക്കി. അതേസമയം ബാലഭാസ്‌കറിന്റെ മാനേജര്‍മാരായ പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെ വിവരങ്ങള്‍ ഡി ആര്‍ ഐ ക്രൈംബ്രാഞ്ചിന് കൈമാറി.Other News