സ്വകാര്യ ലാബിന്റെ പരിശോധനാ പിഴവ്; കാന്‍സര്‍ ഇല്ലാത്ത യുവതിക്ക് കീമോ തെറപ്പി ചികിത്സ 


JUNE 2, 2019, 5:23 PM IST

ആലപ്പുഴ: സ്വകാര്യ ലാബിലെ പരിശോധന പിഴവുമൂലം ആലപ്പുഴക്കാരിയായ യുവതിക്ക് കോട്ടയം മെഡിക്കല്‍ കോളെജില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള കീമോ തെറപ്പി ചെയ്തു. ശരീരത്തില്‍ മുഴയുമായി മെഡിക്കല്‍ കോളെജിലെത്തിയ ആലപ്പുഴ കുട്ടനാട് സ്വദേശി രജനിയെ സ്വകാര്യ ലാബിലേക്ക് ഡോക്ടര്‍ പരിശോധനയ്ക്കായി അയക്കുകയായിരുന്നു.

സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു കാന്‍സര്‍ ചികിത്സ. എന്നാല്‍ പിന്നീട് വീണ്ടും ഗവ. ലാബില്‍ നടത്തിയ പരിശോധനയില്‍ യുവതിക്ക് കാന്‍ ബാധിച്ചിട്ടില്ലെന്ന് തെളിയുകയായിരുന്നു.  സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു.


ശരീരത്തില്‍ മുഴ കണ്ടതിനെതുടര്‍ന്ന്  രജനി കഴിഞ്ഞ മാര്‍ച്ചിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. കോട്ടയത്തെ സ്വകാര്യ സ്‌കാന്‍ സെന്ററിലും ലാബിലുമായി പരിശോധന നടത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. പരിശോധനാഫലത്തില്‍ യുവതിക്ക് കാന്‍സര്‍ ആണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതെതുടര്‍ന്ന് തുടര്‍ ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ യുവതിയെ കീമോതെറാപ്പിക്കും വിധേയയാക്കി. സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബിലേക്കും നല്‍കി. ഇവിടെ നിന്നുള്ള ഫലം വന്നപ്പോഴാണ് യുവതിക്ക് കാന്‍സറില്ലെന്ന് തെളിഞ്ഞത്. സംഭവം വിവാദമായതോടെ സ്വകാര്യ ലാബ് വന്‍തുക വാഗ്ദാനം ചെയ്ത് പ്രശ്‌നം ഒതുക്കാന്‍ ശ്രമിച്ചുവെന്നും രജനി പറയുന്നു.


സ്വകാര്യലാബിലെ ഫലത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ചികിത്സ നടത്തിയ ഡോക്ടര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. സംഭവം വിവാദമായതോടെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.Other News