മോട്ടോര്‍വാഹന വകുപ്പ് അന്വേഷിച്ചുവന്നതില്‍ മനം നൊന്ത് യുവാവിന്റെ ആത്മഹത്യ; പോലീസ് അന്വേഷണം തുടങ്ങി


FEBRUARY 14, 2020, 12:45 PM IST

കുന്നംകുളം(തൃശൂര്‍): നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ അന്വേഷിച്ചെത്തിയതില്‍ മനം നൊന്ത് ബൈക്ക് യാത്രികന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി. അകതിയൂര്‍ വെള്ളാമ്പത്ത് വീട്ടില്‍ കുട്ടന്റെ മകന്‍ സന്ദീഷാണ് (34) തൂങ്ങി മരിച്ചത്. തൃശൂര്‍ ശോഭ സിറ്റിയിലെ ബസ് ഡ്രൈവറായിരുന്നസന്ദീഷ് ജോലി കഴിഞ്ഞ് ബൈക്കില്‍ വരുന്ന വഴി വ്യാഴാഴ്ച ഉച്ചയ്ക്ക് കുന്നങ്കുളം പന്നിത്തടത്ത് വച്ചാണ് ദിവസേനയുള്ള വാഹന പരിശോധനയുടെ ഭാഗമായി വടക്കാഞ്ചേരി ആര്‍.ടി.ഒ. വിഭാഗം ബൈക്ക് നിറുത്താനായി കൈകാണിച്ചത്.എന്നാല്‍ ബൈക്ക് നിര്‍ത്താതെ യുവാവ് അതിവേഗതയില്‍ ഓടിച്ചുപോയി. ബൈക്കിന്റെ നമ്പര്‍ പരിശോധിച്ചശേഷം വഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റജിമോന്റെ നേതൃത്വത്തില്‍ സനീഷ്, റിയാസ് എന്നിവരടങ്ങുന്ന സംഘം ഉച്ചതിരിഞ്ഞ് രണ്ടിന് യുവാവിന്റെ അകതിയൂരിലെ വീട്ടിലെത്തി.ഈ സമയത്ത് സന്തീഷ് ബൈക്ക് കൂട്ടുകാരന്റെ വീട്ടില്‍ വച്ചശേഷം വീടിനുള്ളിലെ മുറിയില്‍ കയറി വാതിലടച്ച് ഇരിക്കുകയായിരുന്നു. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വീട്ടിലെത്തിയ സമയത്ത് സന്ദീഷിന്റെ അമ്മ തങ്കമണിയും ഭാര്യ അശ്വതിയും മകള്‍ ദിയയും വീട്ടിലുണ്ടായിരുന്നു. ബൈക്ക് സഹോദരന്‍ സജീഷിന്റേതായിരുന്നുവെന്ന് വീട്ടുകാര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറോട് പറഞ്ഞു.

വെഹിക്കിള്‍ ഇന്‍സ്‌പെക്ടെര്‍ അശ്വതിയുടെ ഫോണില്‍നിന്ന് സജീഷിനെ വിളിച്ച് ബൈക്കിന്റെ രേഖകളുമായി വടക്കാഞ്ചേരി ആര്‍.ടി.ഒ. ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.അതിന്  ശേഷം അവര്‍ വാഹനത്തില്‍ മടങ്ങിപ്പോയി.ആര്‍.ടി.ഒ. അധികൃതര്‍ പോയശേഷം കുറച്ചു കഴിഞ്ഞ് വീട്ടുകാര്‍ സന്ദീഷിന്റെ മുറിയുടെ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് മുറിക്കകത്ത് തുങ്ങി നില്‍ക്കുന്നത് കണ്ടത്. വീട്ടിലുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ വാതില്‍ തുറന്ന് യുവാ വിനെ പെരുമ്പിലാവിലെ അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ ബന്ധുക്കള്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. 

Other News