കേരള ഗവര്‍ണര്‍ ഭരണഘടന വായിക്കണമെന്ന് യച്ചൂരി


JANUARY 17, 2020, 7:14 PM IST

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടന വായിച്ചു നോക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര-സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ തന്നെ അറിയിക്കണമെന്ന ഗവര്‍ണറുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രിം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്ത സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ചോദിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ല. സര്‍ക്കാരിനെതിരെ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് കൊടുക്കാനാവും എന്നത് മാത്രമാണ് ഗവര്‍ണര്‍ക്ക് ചെയ്യാനാവുന്ന പരമാവധി കാര്യമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഗവര്‍ണറെന്നാല്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ വലിയ അധികാരിയല്ല. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാരിനാണ് നടപടികളെടുക്കാനുള്ള അധികാരമുള്ളത്.

രാജ്യത്ത് നടക്കുന്നത് വലിയ വിഷയങ്ങളാണ്. അതിനിടയില്‍ ഗവര്‍ണറെ മാറ്റാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമോയെന്ന ചെറിയ വിഷയങ്ങള്‍ പറഞ്ഞ് വലുതിന്റെ പ്രാധാന്യം കളയരുതെന്നും യച്ചൂരി ആവശ്യപ്പെട്ടു.

സംസ്ഥാന- ദേശീയ രാഷ്ട്രീയങ്ങളെ രണ്ടു തരത്തില്‍ കാണാന്‍ തയ്യാറാകണം. ദേശീയ പൗരത്വ ദേദഗതി നിയമത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിച്ച് പ്രക്ഷോഭം നടത്തുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ല. സി എ എയ്‌ക്കെതിരെ പോരാടാനുള്ള പൊതുവേദിയാണത്. സി എ എയ്‌ക്കെതിരെയുള്ള യോജിച്ച പ്രക്ഷോഭത്തിനെതിരെ സംസ്ഥാനതലത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കിയ യച്ചൂരി കേരളത്തില്‍ യോജിച്ച പ്രക്ഷോഭത്തില്‍നിന്ന് കോണ്‍ഗ്രസ് പിന്മാറിയതിന്റെ കാരണം ആവരാണ് പറയേണ്ടതെന്നും വിശദീകരിച്ചു.

തീവ്രവാദികളായവരെ അതില്‍ നിന്ന് അകറ്റാനുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന കരസേനാ മേധാവിയുടെ പരാമര്‍ശത്തെ യച്ചൂരി വിമര്‍ശിച്ചു. കരസേനാ മേധാവി രാഷ്ട്രീയം പറയാന്‍ പാടില്ല. ഭരണനേതൃത്വത്തിന്റെ കഴിയുകേടാണ് ഇതു തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുഭാഷ് ചന്ദ്രബോസിന്റെ ജന്‍മദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിലും ഇന്ത്യന്‍ ഭരണഘടന വായിച്ച് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും സീതാറാം യച്ചൂരി അറിയിച്ചു. 

Other News