കോട്ടയം: എൽ.ഡി.എഫ് -യു.ഡി.എഫ് മുന്നണികൾ മുസ്‌ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടാകുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയത്തു നടന്ന എസ്.എൻ.ഡി.പി നേതൃയോഗത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം.
'കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാൽ മതി കേരളാ ഗവൺമെന്റ് എന്ന സ്ഥിതിയാണ് നിലവിലുള്ളത്. സ്‌കൂൾ കുട്ടികൾക്ക് സൂംബ പരിശീലനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലും സ്‌കൂൾ സമയം മാറ്റുന്ന കാര്യത്തിലും സമസ്തയുടെ നിലപാട് എന്താണ്? ഈ രാജ്യം എങ്ങോട്ടാ പോകുന്നത്. കേരളത്തിൽ മുസ്‌ലിംകളാണ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും. മലബാറിന് പുറത്തു തിരുകൊച്ചിയിലും അവർ സീറ്റ് ചോദിക്കും. അവർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്, ഇങ്ങനെ പോയാൽ അച്യുതാനന്ദൻ പറഞ്ഞ പോലെ കേരളം ഒരു മുസ്‌ലിം ഭൂരിപക്ഷ നാടാകും.
കേരളത്തിൽ മറ്റ് സമുദായങ്ങൾ ജാതി പറഞ്ഞ് എല്ലാം നേടുന്നു. ഈഴവർ ജാതി പറഞ്ഞാൽ വിമർശനമാണ്. കേരളത്തിലെ ഈഴവർക്ക് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ്. ഈഴവർ ഒന്നിച്ചാൽ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കും. എസ്.എൻ.ഡി.പി യോഗം രാഷ്ട്രീയ ശക്തിയാകണം. അംഗങ്ങൾ അവരവരുടെ പാർട്ടികളിൽനിന്നും അവകാശം നേടിയെടുക്കണം' വെള്ളാപ്പള്ളി പറഞ്ഞു.
നേരത്തെ, സ്‌കൂളുകളിൽ സൂംബ നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. തീരുമാനത്തിൽനിന്ന് സർക്കാർ പിന്നോട്ട് പോകരുതെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിർക്കുന്നു. അവരുടെ ഈ നിലപാട് ശരിയല്ല. വെറുതെ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണ്. മതവികാരം വ്രണപ്പെടുത്താനാണ് ശ്രമം. ഈ ശ്രമങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം. മതരാജ്യമോ മതസംസ്ഥാനമോ സൃഷ്ടിക്കാൻ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാകുമെന്ന് വെള്ളാപ്പള്ളി നടേശൻ
