ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സസ്‌പെന്‍ഡ് ചെയ്തു; സര്‍വെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ നീക്കി


AUGUST 5, 2019, 5:30 PM IST

തിരുവനന്തപുരം: മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ ഇടിച്ചുകൊന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. സര്‍വെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ നീക്കി. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

ഓള്‍ ഇന്ത്യ സര്‍വീസസ് ഡിസിപ്ലിന്‍ ആന്‍ഡ് അപ്പീല്‍ റൂള്‍സ് 3(3) അനുസരിച്ച് ഒരു സര്‍വീസ് അംഗം ക്രിമിനല്‍ കേസില്‍ പെട്ടാല്‍ അല്ലെങ്കില്‍ അതുപോലുള്ള ഏതെങ്കിലും തെറ്റായ നടപടികള്‍ ഏര്‍പ്പെട്ടാല്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ആ അധികാരം ഉപയോഗിച്ചാണ് സസ്‌പെന്‍ഷന്‍. എന്നാല്‍ എത്രനാളാണ് സസ്‌പെന്‍ഷന്‍ കാലാവധി എന്നത് സംബന്ധിച്ച് ഉത്തരവില്‍ പറയുന്നില്ല.  തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് എഫ്.ഐ.ആറിട്ട് അന്വേഷണം തുടങ്ങിയാല്‍ തന്നെ ആ വ്യക്തിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിനാവും. മദ്യപിച്ച് ലക്കുകെട്ട് അമിതവേഗതയില്‍ കാറോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ടയാളാണ് ശ്രീറാം വെങ്കിട്ടരാമന്‍. റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജ് ട്രോമ ഐസിയുവില്‍ ചികിത്സയിലാണ്.