നവമാധ്യമങ്ങള്‍ വഴി ഭീകര പ്രവര്‍ത്തനം: കേരളീയരുള്‍പ്പെട്ട 12 ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍


SEPTEMBER 20, 2020, 11:02 AM IST

കൊച്ചി:  കേരളത്തില്‍  നവമാധ്യമങ്ങള്‍ വഴി ഭീകര സംഘടനകളെ പിന്തുണക്കുന്ന ഗ്രൂപ്പുകള്‍ സജീവമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി. കേരളത്തില്‍ 12 നവമാധ്യമ ഗ്രൂപ്പുകളാണ് ഇത്തരത്തിലുള്ളതെന്നും ഇവ  നിരീക്ഷണത്തിലെന്നും കേന്ദ്ര ഇന്റലിജന്‍സ് വ്യക്തമാക്കി. അല്‍ഖ്വയ്ദയുടെ ഉപസംഘടനക്ക് ആശയ പ്രചാരണത്തിനായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഗ്രൂപ്പുകളും കണ്ടെത്തി. വ്യാജ പേരുകളില്‍ പുതിയ ഗ്രൂപ്പുകള്‍ തീവ്രവാദ പ്രചാരണത്തിന് ശ്രമിക്കുന്നുവെന്നാണ് ഏജന്‍സിയുടെ കണ്ടെത്തല്‍.

അതേസമയം ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനക്ക് എതിരെ അന്വേഷണവുമായി എന്‍ഐഎ രംഗത്തെത്തി. ജമായത്തുല്‍ മുജാഹിദ്ദീന്‍ (ജെഎംബി) എന്ന സംഘടന കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇന്നലെ പിടിയിലായവര്‍ക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നും രാജ്യത്താകെ പിടിയിലായ 120 ജെഎംബി ഭീകരരില്‍ അധികം പേരും കേരളത്തില്‍ താമസിച്ചിട്ടുണ്ടെന്നും വിവരം. കേരളത്തിലെ ചില സംഘടനകള്‍ സംശയ നിഴലിലെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം എറണാകുളത്തിന് പുറത്തുള്ള മറ്റ് ജില്ലകളിലും അല്‍ഖ്വയ്ദാ സാന്നിധ്യമെന്ന് കണ്ടെത്തല്‍. കേരളത്തിലെ സംഘത്തില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ളതായാണ് എന്‍ഐഎയുടെ നിഗമനം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ മൂന്ന് ഭീകരര്‍ പിടിയിലായത്.

Other News