യുഡിഎഫ് സീറ്റ് വിഭജനം: പിജെ ജോസഫ് വിഭാഗത്തിനും; മാണി സി കാപ്പനും കിട്ടുന്നത് വാങ്ങേണ്ടിവരും


FEBRUARY 27, 2021, 10:45 AM IST

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ യുഡിഎഫിലെ സീറ്റുവിഭജന- സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കും വേഗം കൂടി. അതേ സമയം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും പുതിയതായി മുന്നണിയോട് സഹകരിക്കുന്ന മാണി സി കാപ്പന്റെ പാര്‍ട്ടിയും ആവശ്യപ്പെടുന്ന അധിക സീറ്റുകളുടെ കാര്യത്തില്‍  മൂന്നാം തിയതി ചേരുന്ന യുഡിഎഫ് യോഗത്തിലേ തീരുമാനമെടുക്കൂ.

ഘടക കക്ഷികളുമായുളള സീറ്റുവിഭജന ചര്‍ച്ചകള്‍ പല ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുളള ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടായിട്ടില്ല. 15 സീറ്റുകള്‍ ആവശ്യപ്പെട്ട ജോസഫ് വിഭാഗം 12 സീറ്റുകളെങ്കിലും കിട്ടിയേ തീരൂ എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ 9 സീറ്റുകള്‍ക്കപ്പുറം നല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

ചില സീറ്റുകള്‍ വച്ചുമാറുന്നതിലും തീരുമാനത്തിലെത്തിയിട്ടില്ല. പി ജെ ജോസഫ് കോവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ ചര്‍ച്ചകള്‍ നീട്ടിവെക്കണമെന്ന് മുന്നണി നേതൃത്വത്തോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും വേഗം കൂടും. കഴിഞ്ഞ തവണ 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലിം ലീഗ് ആറ് സീറ്റുകള്‍ അധികം ആവശ്യപ്പെട്ടെങ്കിലും മൂന്ന് സീറ്റുകള്‍ നല്‍കാമെന്നതില്‍ ഏകദേശ ധാരണയായിട്ടുണ്ട്.

ചടയമംഗലം, കൂത്തുപറമ്പ് സീറ്റുകളും കോഴിക്കോട് ജില്ലയില്‍ ഒരു സീറ്റുമാകും ലീഗിന് അധികമായി ലഭിക്കുക. കൊല്ലം, ആലപ്പുഴ ജില്ലകളിലായി രണ്ട് സീറ്റുകള്‍ അധികം വേണമെന്ന ആവശ്യം ആര്‍എസ്പിയും മുന്നോട്ടുവച്ചിട്ടുണ്ട്. ആറ്റിങ്ങല്‍, കയ്പമംഗലം സീറ്റുകള്‍ മാറ്റിനല്‍കണമെന്ന ആവശ്യം മുന്നോട്ടു വച്ചെങ്കിലും ആറ്റിങ്ങലില്‍ ആര്‍എസ്പി തന്നെ മത്സരിക്കാനാണ് സാധ്യത. കേരളാ കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവര്‍ക്കും ഓരോ സീറ്റുകള്‍ ലഭിക്കും.

ഇടത് മുന്നണി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച മാണി സി കാപ്പനും മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാലായ്ക്ക് പുറമേ ഒരു സീറ്റ് കൂടി കാപ്പന് നല്‍കിയേക്കും. കഴിഞ്ഞ തവണ 87 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 90 നും 95 നും ഇടയില്‍ സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി നിര്‍ണയം ദ്രുതഗതിയിലാക്കാനാണ് കോണ്‍ഗ്രസിന്റെയും നീക്കം.

Other News