സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണ വിജയന് ഇഡിയുടെ സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണ വിജയന് ഇഡിയുടെ സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം


കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകി. വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം. വീണയ്‌ക്കൊപ്പം കേസുമായി ബന്ധപ്പെട്ട മറ്റ് എട്ട് പേർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് വിവരം.

കേസിൽ ആദ്യമായാണ് വീണ വിജയനെ നേരിട്ട് വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്യുന്നത്. നേരത്തെ നടത്തിയ പരിശോധനകളുടെയും റെയ്ഡുകളുടെയും ഭാഗമായി ചില ചോദ്യങ്ങൾ ഇഡി ഉന്നയിച്ചിരുന്നെങ്കിലും ലഭിച്ച മറുപടികളിൽ വ്യക്തതക്കുറവുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് നേരിട്ടുള്ള ചോദ്യം ചെയ്യലിലേക്ക് നീങ്ങിയത്.

സിഎംആർഎൽ കമ്പനി, വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷൻസ് കമ്പനിക്ക് സേവനം ലഭിക്കാതെയാണ് പണം നൽകിയതെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) അന്വേഷണം തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ അനുമതി നൽകിയിരുന്നു.

സി.എം.ആർ.എൽ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇഡി അന്വേഷണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. പിഎംഎൽഎ പ്രകാരമുള്ള അന്വേഷണം ആരംഭിക്കാൻ മറ്റ് അന്വേഷണ ഏജൻസികളുടെ എഫ്‌ഐആറോ പരാതിയോ നിർബന്ധമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് നേരത്തെ വിവിധ കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് വീണ വിജയനെ നേരിട്ട് ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചിരിക്കുന്നത്.