ക്രിസ്ത്യന്‍, മുസ്‌ലിം സമുദായങ്ങള്‍ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍

ക്രിസ്ത്യന്‍, മുസ്‌ലിം സമുദായങ്ങള്‍ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍


കോട്ടയം: ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്കു നേരെ ആരോപണങ്ങളുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണം പിടിച്ച് മുഖ്യമന്ത്രിയാകാനാണ് ലീഗ് ശ്രമിക്കുന്നതെന്നും ഒരു ക്രിസ്ത്യന്‍ സമുദായം ഇപ്പോള്‍ തന്നെ അധികാരത്തില്‍ എത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. 

കേരളം ആര് ഭരിക്കണമെന്ന ശക്തി ഈഴവനുണ്ടെന്നും കോട്ടയത്ത് എസ് എന്‍ ഡി പി യോഗം ശാഖാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ക്രിസ്ത്യാനിക്കും മുസ്ലിമിനും ജാതി പറയാം. ഈഴവന് മാത്രം ജാതി പറയാന്‍ പറ്റില്ല എന്നാണ് പലരുടെയും നിലപാട്. ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരു വിഭാഗം ഇപ്പോള്‍ തന്നെ അധികാരത്തില്‍ പ്രാതിനിധ്യം എത്തണമെന്ന് തീരുമാനിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അധികാരത്തില്‍ നമുക്കും പ്രാതിനിധ്യം വേണം. നമ്മുടെ അംഗങ്ങളെ ഓരോ പാര്‍ട്ടിയിലും അധികാരത്തില്‍ എത്തിക്കണം. രാഷ്ട്രീയ ശക്തിയായി സംഘടന മാറണമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്തിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കൈകളിലാണ്. ഒരു കോളെജ് തന്നിട്ട് തുടങ്ങിയ കാലത്തെ കോഴ്‌സുകള്‍ മാത്രമെ ഇപ്പൊഴും ഉള്ളൂ. എന്നാല്‍ മുസ്ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു. മലപ്പുറത്തുനിന്ന് പറയുന്നത് നോക്കി ഭരിച്ചാല്‍ മതി എന്നതാണ് നാട്ടിലെ അവസ്ഥ. സുംബ ഡാന്‍സിന് എന്താണ് കുഴപ്പമെന്നും ഇത് മുസ്ലിം വിരുദ്ധമാണെന്ന് പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന സര്‍ക്കാരാണ് ഇവിടെ ഉള്ളത്. സ്‌കൂള്‍ സമയമാറ്റം കോടതിവിധി പ്രകാരമാണ് നടപ്പാക്കിയത്. ഉടന്‍ സമസ്ത പറഞ്ഞത് ഓണം- ക്രിസ്തുമസ് അവധി വെട്ടി കുറയ്ക്കാനാണ്. അവര്‍ക്ക് ഒരു അരമണിക്കൂര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ആകില്ല. ഇതാണോ മതേതരത്വമെന്നും വെള്ളാപ്പള്ളി ചോദിച്ചു.

മലപ്പുറത്ത് മാത്രമല്ല തിരുകൊച്ചി പ്രദേശത്തും നാല് സീറ്റ് വേണമെന്നാണ് ലീഗ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. തന്ത്രപൂര്‍വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാനാണ് ലീഗിന്റെ ശ്രമം. നായാടി മുതല്‍ നസ്രാണി വരെ ഒന്നിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും ഒന്നായി നിന്ന് ഒരുമിച്ച് മുന്നേറി വലിയ ശക്തിയായി മാറി സാമൂഹ്യ നീതി ഉറപ്പാക്കണമെന്നും യോഗം ജനറല്‍ സെക്രട്ടറി ആഹ്വാനം ചെയ്തു.

എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ചടങ്ങില്‍ സംഘടനാ വിശദീകരണം നല്‍കി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യൂണിയന്‍ കണ്‍വീനര്‍ സുരേഷ് പരമേശ്വരന്‍, ജോ. കണ്‍വീനര്‍ വി. ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കോട്ടയം യൂണിയനു കീഴിലുള്ള ശാഖകളുടെ ഭാരവാഹികള്‍, കുടുംബ യൂണിറ്റ് ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വ സംഗമത്തില്‍ പങ്കെടുത്തു.