കാന്തപുരം എന്തു കുന്തമെടുത്ത് എറിഞ്ഞാലും പറയാനുള്ളത് താന്‍ പറയും; വേണമെങ്കില്‍കേസെടുത്തോ; വെല്ലുവിളിച്ച് വെള്ളാപ്പള്ളി

കാന്തപുരം എന്തു കുന്തമെടുത്ത് എറിഞ്ഞാലും പറയാനുള്ളത് താന്‍ പറയും; വേണമെങ്കില്‍കേസെടുത്തോ; വെല്ലുവിളിച്ച് വെള്ളാപ്പള്ളി


കൊച്ചി: കാന്തപുരം എന്തു കുന്തമെടുത്ത് എറിഞ്ഞാലും പറയാനുള്ളത് താന്‍ പറയുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സമുദായത്തിനും താന്‍ എതിരല്ല. എന്നാല്‍ സാമൂഹിക നീതിക്കുവേണ്ടി ഇന്നും പറയും, നാളെയും പറയും. തന്നെ ജാതിക്കോമരമായാണ് ചിത്രീകരിക്കുന്നത്. താന്‍ എന്തു തെറ്റാണ് ചെയ്തത്. മുട്ടാളന്മാര്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

ഞാന്‍ പാവങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്നവനാണ്. പണക്കാര്‍ക്ക് വേണ്ടി നില്‍ക്കുന്നവനല്ല. അതുകൊണ്ടു തന്നെ എന്നെ ഇഷ്ടമല്ല. അവരുടെ ഇഷ്ടവും അനിഷ്ടവും തനിക്ക് ഒരു പ്രശ്‌നവുമല്ല. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങള്‍ പടര്‍ന്നുപന്തലിച്ചു. അസംഘടിത സമുദായം തകര്‍ന്ന് താഴെ വീണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ജാതി സെന്‍സസ് എടുത്താല്‍ ഓരോ സമുദായവും എവിടെ നില്‍ക്കുന്നു എന്നതിന്റെ ശരിയായ ചിത്രം അറിയാനാകും.

ജാതി സെന്‍സസിന് പുറമെ, സാമൂഹ്യ സാമ്പത്തിക സര്‍വേ കൂടി എടുക്കണം. ഈ വ്യത്യാസം മനസ്സിലാകും. വീടില്ലാത്തത് ആര്‍ക്കാണ്?. ഈഴവപിന്നാക്ക സമുദായത്തിന് ബഹുഭൂരിപക്ഷത്തിനാണ് വീടില്ലാത്തത്. രണ്ടര സെന്റില്‍ താമസിക്കുന്നവര്‍ പോലുമുണ്ട്. എന്റെ സമുദായത്തിന് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. നമ്മളെന്തെങ്കിലും പറഞ്ഞാല്‍ ഇടതും വലതും ഒന്നാകും. ശേഷം എല്ലാരും കൂടി തന്നെ കടന്നാക്രമിക്കുകയാണ്. ഇവര്‍ ചെയ്യുന്നതിനെല്ലാം മിണ്ടാതെ നിന്നാല്‍ അത് മതസൗഹാര്‍ദം. എന്തെങ്കിലും പറഞ്ഞാല്‍ മതവിദ്വേഷമാണെന്ന് ആക്ഷേപിക്കുന്നു എന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.

ഒരു ഈഴവനെയും ഇവിടെ വളരാന്‍ അനുവദിക്കുന്നില്ല. കേരളത്തില്‍ ആര്‍ ശങ്കറിനെയും വി എസ് അച്യുതാനന്ദനെയും ഗൗരിയമ്മയെയും ആക്രമിച്ചില്ലേ?. പിണറായി വിജയന് ശേഷം ഇനി ഒരു 100 കൊല്ലത്തേക്ക് ഒരു ഈഴവന്‍ കേരളത്തില്‍ മുഖ്യമന്ത്രിയാകില്ലെന്നാണ് തനിക്ക് തോന്നുന്നത്. നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്ന് ഞാന്‍ രാജിവയ്ക്കണമെന്ന് പറയാന്‍, ഇവരുടെ അപ്പന്‍മാരല്ല എന്നെ അവിടെ കൊണ്ടിരിത്തിയത്, പറയുമ്പോ രാജിവയ്ക്കാന്‍. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.