വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടാല്‍ പോളിംഗ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങളും


FEBRUARY 21, 2020, 8:29 PM IST

കൊച്ചി: ഒരുപടി കൂടി മുമ്പിലേക്ക് ചാടി സംസ്ഥാന വിവരാവകാശ കമ്മീഷന്‍. വോട്ട് ചെയ്യാന്‍ പോയാല്‍ വോട്ടു ചെയ്ത് മടങ്ങുന്നതിന് പകരം കള്ളവോട്ടിനും ബൂത്തുപിടുത്തത്തിനും ശ്രമിച്ചാല്‍ അവര്‍ കുടുങ്ങുമെന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പുതിയ ഉത്തരവിലൂടെ നടപ്പിലാകാന്‍ പോകുന്നത്. 

പോളിംഗ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം പൗരന് അവകാശമുണ്ടെന്നാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. വീഡിയോ ഉള്‍ക്കൊള്ളുന്ന സി ഡി 20 ദിവസത്തിനകം സൗജന്യമായി അപേക്ഷകനു നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് നടന്ന ബൂത്തുകളിലെ സി സി ടി വി ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍ ടി ഐ കേരള ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. ഡി ബി ബിനു നല്കിയ അപേക്ഷയിലാണ് കമ്മിഷന്‍ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. 2015ലെ നിര്‍ദേശപ്രകാരവും 1961ലെ തെരഞ്ഞെടുപ്പുചട്ട പ്രകാരവും ഇതു നല്‍കാനാവില്ലെന്ന പി ഐ ഒയുടെ നിലപാടു നിരാകരിച്ചാണു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

വിവരാവകാശ നിയമത്തിലെ എട്ട്, ഒന്‍പത് വകുപ്പുകള്‍ പ്രകാരം മാത്രമേ വിവരം നിഷേധിക്കാന്‍ പി ഐ ഒയ്ക്ക് അധികാരമുള്ളൂ എന്നു കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച് 45 ദിവസം വരെ തെരഞ്ഞെടുപ്പ് ഓഫീസറുടെ പക്കല്‍ പോളിംഗ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഈ സമയപരിധിക്കകം ചോദിച്ചാല്‍ മാത്രമേ ദൃശ്യങ്ങള്‍ നല്‍കാനാവൂ എന്ന നിലപാടും കമ്മീഷന്‍ തള്ളി. ബൂത്തു പിടിത്തം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ നിജസ്ഥിതി  ബോദ്ധ്യപ്പെടാന്‍ സഹായകരമാകുന്ന ഉത്തരവാണ് കമ്മിഷന്റേതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Other News