ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യും

ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യും


കൊച്ചി: ഇ ഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ ചോദ്യം ചെയ്യലിന് ഹാജരാകും. കേസിലെ മറ്റ് പ്രതികളുമായി ശേഖര്‍കുമാര്‍ ആശയവിനിമയം നടത്തിയതിന്റെ തെളിവുകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍.

കേസൊതുക്കാന്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇതിന്റെ ആദ്യഘഡു കൈപ്പറ്റുന്നതിനിടെ ഏജന്റുമാരായ വില്‍സന്‍, ഹവാല ഇടപാടുകാരന്‍ മുകേഷ് എന്നിവരെ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരുന്നു. തൊട്ടുപിന്നാലെ ഇ ഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. മൂന്ന് മാസമായി പിടിയിലായവരും ശേഖര്‍കുമാറുമായുളള ബന്ധം ഉറപ്പിക്കുന്ന തെളിവുകള്‍ തേടുകയായിരുന്നു വിജിലന്‍സ്.

പിടിയിലായവരുടെ മൊബൈലില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു. ഐഫോണിലെ ഫേസ് ടൈം പ്ലാറ്റ് ഫോമിലൂടെയായിരുന്നു ശേഖര്‍ കുമാര്‍ മറ്റ് പ്രതികളും തമ്മിലുള്ള ആശയവിനിമയം. മണിക്കൂറുകളോളം ശേഖര്‍ കുമാര്‍ പ്രതികളുമായി സംസാരിച്ചിരുന്നതായി വിജിലന്‍സ് കണ്ടെത്തി. ഈ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍.

കേസില്‍ ശേഖര്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കണമെന്നും ശേഖര്‍ കുമാറിന് നിര്‍ദേശം നല്‍കി. കേസില്‍ അറസ്റ്റ് ചെയ്താലും കോടതി ഉത്തരവുള്ളതിനാല്‍ ജാമ്യം ലഭിക്കും.