അറബിക്കടലിലെ മഴമേഘങ്ങള്‍ മലബാറിലേക്ക്: പേമാരിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്


AUGUST 9, 2019, 11:08 PM IST

ചെന്നൈ:തീവ്ര മഴയെത്തുടർന്നുള്ള മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വലയുന്ന മലബാറിലെ ജില്ലകളിൽ ഞായറാഴ്‌ചവരെ  അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്‌ധന്റെ മുന്നറിയിപ്പ്.തമിഴ‍്‍നാട് വെതര്‍മാന്‍ എന്ന് അറിയപ്പെടുന്ന കാലാവസ്ഥാ വിദഗ്‌ധൻ പ്രദീപ് ജോണ്‍ ആണ് ഉപഗ്രഹചിത്രങ്ങള്‍ വിശകലനം ചെയ്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നത്.

മഴമേഘങ്ങളുടെ വലിയ കൂട്ടം അറബിക്കടലില്‍ രൂപപ്പെട്ടിട്ടുണ്ട്. കിഴക്കോട്ടു  നീങ്ങുന്ന ഈ മേഘങ്ങള്‍ പശ്ചിമഘട്ടമേഖലയില്‍ അതിശക്തമായ മഴയ്ക്ക് വഴിവയ്ക്കാൻ സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ കനത്ത മഴ കാരണം പ്രളയസമാനമായ സാഹചര്യം നിലനില്‍ക്കുന്ന കേരളം, കര്‍ണാടകം, തമിഴ്‍നാട് സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാനാണ് സാധ്യത.

പശ്ചിമഘട്ടം കടന്നു പോകുന്ന കേരളത്തിലേയും കര്‍ണാടകയിലേയും തമിഴ്‍നാട്ടിലേയും പ്രദേശങ്ങളിൽ  ഞായറാഴ്‌ച വരെ അതിശക്തമായ മഴ പ്രതീക്ഷിക്കാം. ശനിയാഴ്‌ച വൈകുന്നേരമോ  രാത്രിയോ മാത്രമേ മഴയുടെ കാഠിന്യം കുറയാന്‍ സാധ്യതയുള്ളൂ. ഈ മേഖലകളില്‍ അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ ജാഗ്രത വേണം. കഴിഞ്ഞ വർഷത്തെ മപ്രളയവേളയിലുണ്ടായതിലും ശക്തമായ മഴയായിരിക്കും ഉണ്ടാവുകയെന്ന് പ്രദീപ് ജോണ്‍ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.