ജോസ് കെ മാണിയുടെ വരവ് ഇതുമുന്നണിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്തുമെന്ന് സിപിഎം


OCTOBER 16, 2020, 5:20 PM IST

തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത്  സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജോസ് കെ മാണിയുടെ വരവ് എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാക്കുമെന്ന് സിപിഐഎം നേതൃത്വം പറഞ്ഞു. ഘടകകക്ഷികളുടെ ആശങ്കകള്‍ പരിഹരിക്കാനാകുമെന്നും സെക്രട്ടേറിയറ്റ്. എല്‍ഡിഎഫ് യോഗത്തില്‍ നിലപാട് അറിയിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

അതേസമയം സിപിഐഎം-സിപിഐ നേതാക്കളെ നേരില്‍ക്കണ്ട് എല്‍ഡിഎഫ് പ്രവേശനത്തിനുള്ള പിന്തുണ ജോസ് കെ മാണി ഉറപ്പാക്കി. പാര്‍ട്ടി സംസ്ഥാന ആസ്ഥാനങ്ങളില്‍ എത്തിയിരുന്നു കാനത്തെയും കോടിയേരിയേയും ജോസ് കെ മാണി കണ്ടത്. എല്‍ഡിഎഫ് പ്രവേശനം വേഗത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസ് കെ മാണി പറഞ്ഞു. സിപിഐയ്ക്ക് ഉണ്ടായിരുന്ന എതിര്‍പ്പ് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എം എന്‍ സ്മാരകത്തില്‍ എത്തി കാനം രാജേന്ദ്രനെ സന്ദര്‍ശിച്ച ശേഷമാണ് ജോസ് കെ മാണി എകെജി സെന്ററില്‍ എത്തിയത്. റോഷി അഗസ്റ്റിന്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. പുറത്തിറങ്ങിയ ഇരുവരെയും യാത്രയാക്കാന്‍ കോടിയേരിയും എ വിജയരാഘവനും എകെജി സെന്റിന് പുറത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിയുടെ ഭാഗം ആകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസ് കെ മാണി പറഞ്ഞു. എകെജി സെന്റില്‍ നിന്നയച്ച വാഹനത്തിലാണ് ജോസ് കെ മാണി എംഎന്‍ സ്മാരകത്തിലെത്തിയത്.

അതിനിടെ കേരള കോണ്‍ഗ്രസിന്റെ ഇടത് പ്രവേശനത്തിന് സിപിഐ എം കേന്ദ്ര നേതൃത്വം പച്ചക്കൊടി വീശി. ജോസ് കെ മാണിയുടേത് എല്‍ഡിഎഫിനെ ശക്തിപ്പെടുന്ന നിലപാടാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

ബുധനാഴ്ച സിപിഐ സംസ്ഥാന നിര്‍വാഹകസമിതിക്ക് ശേഷം എല്‍ ഡി എഫ് ചേര്‍ന്നായിരിക്കും മുന്നണി പ്രവേശനം തീരുമാനിക്കുക. അടുത്ത ദിവസങ്ങളില്‍ തന്നെ ജോസ് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.

Other News