ഹിന്ദി അറിയണമെന്ന് കസ്റ്റമര്‍ കെയര്‍ ഏജന്റ്; സൊമാറ്റോ ബഹിഷ്‌ക്കരിക്കണമെന്ന് തമിഴ് ഹാഷ്ടാഗ്


OCTOBER 19, 2021, 9:46 PM IST

ചെന്നൈ: കസ്റ്റമര്‍ കെയര്‍ ഏജന്റ് ഉപഭോക്താവിനോട് മോശമായി പെരുമാറിയതിന് മാപ്പു പറഞ്ഞ് സൊമാറ്റോ. ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്ത വിഭവങ്ങളില്‍ ഒന്നു കുറഞ്ഞതിനെ തുടര്‍ന്ന് അതിന്റെ പണം തിരികെ ആവശ്യപ്പെട്ട് കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോഴാണ് തനിക്ക് മോശമായ അനുഭവമുണ്ടായതെന്ന് ഉപഭോക്താവ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ക്ഷമ പറഞ്ഞ് സൊമാറ്റോ രംഗത്തെത്തിയത്. തമിഴിലിും ഇംഗ്ലീഷിലും സൊമാറ്റോ ക്ഷമ പറയുന്ന ട്വീറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 

വികാസ് എന്ന ഉപഭോക്താവാണ് സൊമാറ്റോക്കെതിരെ രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് റിജക്ട് സൊമാറ്റോ ഹഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴ് അറിയാത്ത കസ്റ്റമര്‍ കെയര്‍ ഏജന്റ് ഹിന്ദിയിലാണ് വികാസിനോട് സംസാരിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ തമിഴ് അറിയുന്നവരെ ജോലിക്ക് വെക്കണമെന്ന് വികാസ് പറഞ്ഞതിന് പിന്നാലെ രാഷ്ട്രഭാഷയായ ഹിന്ദി അല്‍പമെങ്കിലും അറിയണമെന്ന കസ്റ്റമര്‍ കെയര്‍ ഏജന്റിന്റെ മറുപടിയാണ് വിനയായത്.  

വികാസ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഹോട്ടലില്‍ പരാതി പറഞ്ഞപ്പോള്‍ സൊമാറ്റോയോട് പണം തിരികെ ആവശ്യപ്പെടാനായിരുന്നു അവര്‍ അറിയിച്ചത്. എന്നാല്‍ ഭക്ഷണത്തിലെ വിഭവം കുറഞ്ഞുപോയ കാര്യം ഹോട്ടലുകാര്‍ സൊമാറ്റോയില്‍ അറിയിച്ചിരുന്നില്ല. സൊമാറ്റോയില്‍ നിന്നും വിളിച്ചപ്പോഴാകട്ടെ ഹിന്ദി അറിയാത്തതിനാല്‍ ഹോട്ടലുകാര്‍ക്കും തമിഴ് അറിയാത്തതിനാല്‍ കസ്റ്റമര്‍ കെയര്‍ ഏജന്റിനും പരസ്പരം പറഞ്ഞ കാര്യങ്ങള്‍ മനസ്സിലായതുമില്ല. 

സൊമാറ്റോ കസ്റ്റമര്‍ കെയറില്‍ നിന്നും ഹിന്ദി അറിയണമെന്ന് പറഞ്ഞതിനെതിരെ കനിമൊഴി എം പിയും ട്വിറ്ററില്‍ രംഗത്തെത്തി. ഓരോ സംസ്ഥാനത്തെ പ്രാദേശിക ഭാഷകള്‍ അറിയുന്നവരെ നിയമിക്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. ഉപഭോക്താവിന് ഹിന്ദിയോ ഇംഗ്ലീഷോ അറിഞ്ഞിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും കനിമൊഴി ചൂണ്ടിക്കാട്ടി. ഹിന്ദി തെരിയാതു പോടാ എന്ന ഹാഷ്ടാഗാണ് കനിമൊഴി ഉപയോഗിച്ചത്. 

സൊമാറ്റോയുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് വികാസ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

 കനിമൊഴിയുടെ ട്വീറ്റിന് പിന്നാലെയാണ് സൊമാറ്റോ ഇംഗ്ലീഷിലും തമിഴിലും പ്രതികരണവുമായി രംഗത്തെത്തിയത്. വണക്കം വികാസ് എന്നു തുടങ്ങുന്ന ക്ഷ്മാപണത്തില്‍ തങ്ങളുടെ കസ്റ്റമര്‍ കെയര്‍ ഏജന്റിന്റെ പ്രവര്‍ത്തിയില്‍ ക്ഷമ ചോദിക്കുന്നതായും അടുത്ത തവണ നിങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് കരുതുന്നതായും പ്ലീസ് ഡോണ്ട് റിജക്ട് സൊമാറ്റോ എന്നാണ് സൊമാറ്റോ ഖേദം പ്രകടിപ്പിച്ചത്. സൊമാറ്റോയുടെ തമിഴ് ആപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രാദേശിക ഭാഷയില്‍ കോയമ്പത്തൂരില്‍ ഒരു കോള്‍ സെന്റര്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണെന്നും സൊമാറ്റോ അധികൃതര്‍ അറിയിച്ചു.

ചിക്കന്‍ റൈസും പെപ്പര്‍ ചിക്കനും ഓര്‍ഡര്‍ ചെയ്ത വികാസിന് ചിക്കന്‍ റൈസ് മാത്രം ലഭിക്കുകയും രണ്ടു വിഭവങ്ങളുടേയും പണം ഈടാക്കുകയും ചെയ്തതോടെയാണ് സൊമാറ്റോ പുലിവാല്‍ പിടിച്ചത്.

Other News