ആരോഗ്യ പരിപാലന രംഗത്ത് ഇന്ത്യക്കാര്‍ക്ക്  അമേരിക്കയില്‍ വലിയ അവസരങ്ങള്‍: ഡോ. ആസാദ് മൂപ്പന്‍


APRIL 6, 2021, 7:53 AM IST

കോവിഡാനന്തര അമേരിക്കയില്‍, ആരോഗ്യ സംരക്ഷണ രംഗത്ത് ഭാരതീയര്‍ക്ക് വലിയ തൊഴില്‍ സാധ്യതകളാണുള്ളതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍.

ഫോമാ ബിസിനസ് ഫോറത്തിന്റെ മേഖലാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന് ഭാരതീയരുണ്ട്. ഡോക്ടറുമാരും, നഴ്സുമാരും അതില്‍പെടും. കഴിഞ്ഞ കുറച്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ അവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി കാണാം. ഒരു പക്ഷെ സൗഹൃദപരമല്ലാത്ത ഭരണകൂട നടപടികളോ അതല്ലെങ്കില്‍ മറ്റു കാരണങ്ങള്‍ കൊണ്ടോ ആകാം. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കാര്യങ്ങളെ നോക്കിക്കാണുകയാണെങ്കില്‍, ആരോഗ്യ പരിപാലന രംഗത്ത് ആശാവഹമായ വളര്‍ച്ചയുണ്ടാകുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2019-2029 കാലയളവില്‍ 15% തൊഴിലവസരങ്ങളാണ് ആരോഗ്യ രംഗത്ത് പ്രതീക്ഷിക്കുന്നത്. അതായത് 2.4 മില്യണ്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നര്‍ത്ഥം. ഇത് മറ്റു തൊഴില്‍ രംഗങ്ങളിലെ ശരാശരി അവസരങ്ങളെ അപേക്ഷിച്ചു  വലിയ കുതിച്ചു ചാട്ടമാണ്. എന്നാല്‍ അമേരിക്കയില്‍ മാത്രമായി ഇത്രയും  ആരോഗ്യ രംഗത്തെ വിദഗ്ധരെ കണ്ടെത്തുക സാധ്യമല്ല. ഈ സാധ്യതകളാണ് ഇന്ത്യപോലുള്ള ഒരു രാജ്യത്തിനു ഗുണകരമാകുന്നത്.  നഴ്‌സ് പ്രാക്ടീഷണര്‍മാര്‍, ഡെന്റിസ്റ്റുകള്‍, ഫിസിഷ്യന്‍ അസിസ്റ്റന്റ്സ്മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ഫിസിയോതെറപ്പിസ്റ്റുകള്‍, സ്പീച് ആന്‍ഡ് ലാംഗ്വേജ് പാത്തോളജിസ്റ്റ്  തുടങ്ങിയവര്‍ക്കെല്ലാം ഇത് വലിയ തൊഴിലവസരമുണ്ടാക്കും. ഈയവരസങ്ങള്‍ പ്രയോജനപ്പെടുത്തി പരസ്പര സഹകരണത്തിലൂടെ, ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി കൈകോര്‍ത്ത് തൊഴില്‍ ദായകരെയും, തൊഴില്‍ ദാതാക്കളെയും ബന്ധിപ്പിക്കുവാന്‍ കഴിയുന്നത് അമേരിക്കയ്ക്കും, ഇന്ത്യക്കും ഒരു പോലെ പ്രയോജനകരമാണ്. അടുത്ത ഒരു ദശാബ്ദക്കാലം ഈ രംഗത്തു വിപ്ലവകരമായ വളര്‍ച്ചയാണുണ്ടാകാന്‍ പോകുന്നത്.-അദ്ദേഹം പറഞ്ഞു.

 എടുത്തു പറയത്തക്ക ഏറ്റവും പ്രധാനമായ ഒരു വളര്‍ച്ചയുണ്ടാകാന്‍ പോകുന്നത് ഡിജിറ്റല്‍ ആരോഗ്യ പരിപാലന രംഗത്താണ്. യാത്രാ രംഗത്തുള്ള നിയന്ത്രണങ്ങള്‍ മൂലം  വിദൂര നിയന്ത്രണ സംവിധാന-സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിപാലനത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചു.  ടെലി- റേഡിയോളജി അമേരിക്കയില്‍ നിലവില്‍ വന്നു കഴിഞ്ഞു.  ടെലി-പാതോളജിയാണ് മറ്റൊരു മേഖല. Knowledge Process Outosurcing എന്ന് വിളിക്കുന്ന ഡിജിറ്റല്‍ സാങ്കേതിക രീതിയിലൂടെ വിവരങ്ങള്‍ കുറഞ്ഞ ചിലവില്‍ അതി വിദഗ്ദരായവരെ കണ്ടെത്തി കൈമാറി റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുന്നു. ഇന്ത്യയില്‍ നിന്ന്  ആരോഗ്യ രംഗത്ത് കുറഞ്ഞ ചിലവില്‍ വിദഗ്ധരെ ലഭിക്കുന്നതിന് ഇത് വളരെ ഗുണകരമാണ്. ഇന്ത്യയില്‍ നിന്നുള്ള പാതോളജിസ്റ്റുകള്‍ക്ക് ഇത് വളരെ പ്രയോജനപ്രദമാണ്. വളരെ കുറഞ്ഞ ചിലവില്‍ അവര്‍ക്ക് ഈ സേവനം ആവശ്യമായ ആശുപത്രികള്‍ക്കും, ആരോഗ്യമേഖലയിലെ മറ്റു സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കാന്‍ കഴിയും. 

റിമോട്ട് ഐ.സി.യു മോണിറ്ററിങ്ങാണ്  മറ്റു സാധ്യകളുള്ള ഡിജിറ്റല്‍ ആരോഗ്യ പരിപാലന രംഗം. നഴ്സുമാരുടെ അഭാവം മൂലം നിലവില്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു മേഖലയാണ് ഐ.സി.യു.മോണിറ്ററിങ്. ഇന്ത്യയില്‍ നിന്ന് നഴ്സുമാരെ ഉപയോഗിച്ചു റിമോട്ട് ഐ.സി.യു. മോണിറ്ററിങ് സാധ്യമാകുമോ എന്ന് പരിശോധിക്കണം. ദുബായില്‍ തങ്ങളുടെ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരും കോവിഡ് സമയത്ത് ലഭ്യമല്ലാതിരുന്ന സമയത്ത് വളരെ വിജയകരമായി ഇത് പ്രയോജനപ്പെടുത്തി. കൂടുതല്‍ സാങ്കേതിക സംവിധാനങ്ങളുള്ള അമേരിക്കയില്‍ നിന്ന് ഇത് കൂടുതല്‍ ഫലപ്രദമായി ചെയ്യാന്‍ കഴിയും. 

മെഡിക്കല്‍ വാല്യൂ ടൂറിസമാണ് മറ്റൊരു സാധ്യത. അമേരിക്കയില്‍ ഉള്ള രോഗികള്‍ക്ക് ഇന്ത്യയിലുള്ള ആശുപത്രികളില്‍ കുറഞ്ഞ ചിലവില്‍ ചികിത്സ ലഭ്യമാക്കുക എന്നത് വളരെ പ്രയോജനകരമായ ഒന്നാണ്. ഇന്ത്യയിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ഇതിനകംതന്നെ വിദേശത്തുനിന്നുള്ള രോഗികളെ സ്വീകരിക്കുന്നുണ്ട്. ആസ്റ്റര്‍ മെഡിസിറ്റി കേയ്മാന്‍ ഐലന്‍ഡില്‍ പുതുതായി ആശുപത്രി തുടങ്ങുകയാണ്. അമേരിക്കയില്‍ നിന്നുള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാനും കുറഞ്ഞ ചിലവില്‍ ചികിത്സ ലഭിക്കാനും ഇവിടെ സംവിധാനമുണ്ടാകും. 

ഫോമയുടെ വാണിജ്യ സമിതിയുടെ വേദിയില്‍ സംസാരിക്കാന്‍ കഴിഞ്ഞതിലുള്ള  സന്തോഷവും അദ്ദേഹം  പങ്കു വെച്ചു. ഫോമയുടെ കാരുണ്യ-ജന സേവന പരിപാടികള്‍ മഹത്തരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മണപ്പുറം ഫിനാന്‍സിന്റെ  മേധാവി മാനേജിങ് ഡയറക്ടര്‍  വി.പി.നന്ദകുമാര്‍,  സമുദ്രോല്പന്ന കയറ്റുമതി രംഗത്തെ നിരവധി സ്ഥാപനങ്ങളുടെയും ചോയ്‌സ് സ്‌കൂളിന്റെയും തലവനായ ശ്രീ ജോസ്  തോമസ്,  ബാംഗ്ലൂര്‍ കേന്ദ്രമായുള്ള പ്രമുഖ ജോണ്‍ ഡിസ്റ്റിലെറീസിന്റെ ചെയര്‍മാനും മാനേജിങ് ഡിറക്ടറുമായ പോള്‍ ജോണ്‍, എയ്റോ കണ്‍ട്രോള്‍ കമ്പനി ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ്,  സ്മാര്‍ട്ട് എഞ്ചിനിയറിങ് ആന്‍ഡ് ഡിസൈന്‍ സൊല്യൂഷന്‍ പ്രസിഡന്റ് ശ്രീ ആന്റിണി പ്രിന്‍സ്, അലൈന്‍ ഡയഗ്‌നോസ്റ്റിക് കമ്പനി  പ്രസിഡന്റ്  ബേബി ഊരാളില്‍    എന്നിവരും  ചടങ്ങില്‍ സംബന്ധിച്ചു. 

ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് സ്വാഗതവും, ട്രഷറര്‍ തോമസ് ടി ഉമ്മന്‍ നന്ദിയും രേഖപ്പെടുത്തി.

 ഫോമാ ജനറല്‍  സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍,, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍,  വിവിധ റീജിയനുകളെ പ്രതിനിധീകരിച്ചു ടിജോ ജോസഫ്- ന്യൂ ഇംഗ്‌ളണ്ട് റീജിയന്‍, ജോസ് വര്‍ഗീസ്- ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍, പി.ടി. തോമസ്- എംപയര്‍ റീജിയന്‍, ജെയിംസ് ജോര്‍ജ്- മിഡ്- അറ്റ്‌ലാന്റിക് റീജിയന്‍, ജോജോ ആലപ്പാട്ട്- ക്യാപിറ്റല്‍ റീജിയന്‍, ഡോക്ടര്‍. ബിജോയ് ജോണ്‍- സൗത്ത് ഈസ്റ്റ് റീജിയന്‍, ജോസ് ഫിലിപ്പ്-സണ്‍ഷൈന്‍ റീജിയന്‍, പ്രിമുസ് ജോണ്‍ കേളന്തറ-ഗ്രേറ്റ് ലേക്സ് റീജിയന്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്,-സെന്‍ട്രല്‍ റീജിയന്‍, ലോസണ്‍ ബിജു തോമസ്- സതേണ്‍ റീജിയന്‍, ബിനോയ് മാത്യു വെസ്റ്റേണ്‍ റീജിയന്‍,  ജിയോ ജോസ്-അറ്റ്-ലാര്‍ജ് റീജിയന്‍ എന്നിവരും പങ്കെടുത്തു