മകന്റെ മുമ്പില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു


JANUARY 1, 2022, 7:58 PM IST

കൊല്ലം: കടയ്ക്കലില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ഏഴ് വയസുള്ള മകന്റെ മുന്നിലിട്ടായിരുന്നു സംഭവം. കടയ്ക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി (27) ആണ് കെല്ലപ്പെട്ടത്.

ജിന്‍സിയുടെ തലയ്ക്കാണ് വെട്ടേറ്റത്. ഭര്‍ത്താവ് ദീപു വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു ജിന്‍സിയുടെ ശരീരത്തില്‍ ഇരുപത്തിയഞ്ചിലേറെ വെട്ടുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ആക്രമണം തടയാന്‍ ശ്രമിച്ച മകനെയും ദീപു ആക്രമിച്ചതായും പറയുന്നുണ്ട്. കുട്ടി ഓടി രക്ഷപ്പെട്ട് കടയിലെത്തി നാട്ടുകാരെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്.

ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ദീപു, പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും ഒരു മാസമായി അകന്നുകഴിയുകയായിരുന്നു. ജിന്‍സിയുടെ വീട്ടിലെത്തിയാണ് ദീപു കൊലപാതകം നടത്തിയത്. പാരിപ്പള്ളിയിലെ ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ സൂപ്പര്‍ വൈസറായിരുന്നു ജിന്‍സി.