നയാഗ്ര മലയാളി അസോസിയേഷന്റെ ഓണാഘോഷവും ആദ്യ വടംവലി മത്സരവും ചരിത്ര മുഹൂര്‍ത്തമായി


SEPTEMBER 9, 2021, 7:18 AM IST

നയാഗ്ര: നയാഗ്രയില്‍ മലയാളികളുടെ ആദ്യത്തെ കൂട്ടായ്മയായ നയാഗ്ര മലയാളി അസോസിയേഷന്റെ ഓണാഘോഷവും ഷിബു ചളുകാട്ട് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിക്കായുള്ള വടംവലി മത്സരവും രണ്ടു വ്യത്യസ്ത വേദികളിലായി കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു പ്രസിഡന്റ് മനോജ് ഇടമനയുടെ നേതൃത്വത്തില്‍ വമ്പിച്ച ജനപങ്കാളിത്തത്തോടെ വിജയകരമായി നടത്തി.

വടംവലി മത്സരം നയാഗ്രയില്‍ മക്കിന്‍ലെ നെയ്ബര്‍ഹുഡ് പാര്‍ക്കില്‍ നയാഗ്ര റീജിണല്‍ കൗണ്‍സിലര്‍ വിക്ടര്‍ പീറ്റര്‍ ആഞ്ചെലോ ഉദ്ഘാടനം ചെയ്തു. നയാഗ്രയിലുള്ള മലയാളി കൂട്ടായ്മ ചരിത്രത്തില്‍ ആദ്യമായി നടത്തിയ മത്സരത്തില്‍ 10 ടീമുകള്‍ പങ്കെടുത്തു. ഷിബു ചളുകാട്ട് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും ഒന്നാം സ്ഥാന വിജയിക്കുള്ള 2500 ഡോളര്‍ ക്യാഷ് സമ്മാനവും കരസ്ഥമാക്കിയത് ലണ്ടന്‍ ടൈഗേഴ്‌സ് ടീമാണ്. രണ്ടാം സമ്മാനമായ 1250 ഡോളര്‍ ക്യാഷ് സമ്മാനം നേടിയത് കോട്ടയം ബ്രദേര്‍സ് ടീമാണ്.

ഒന്നാം സമ്മാനത്തുക നല്‍കിയത് ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ റിയല്‍റ്റര്‍ സൈബു മാത്യുവും രണ്ടാം സമ്മാനത്തുക സ്‌പോണ്‍സര്‍ ചെയ്തത് ടൊറോന്റോ എ മോര്‍ട്ടഗേജ് അലിയന്‍സിന്റെ വിപിന്‍ ശിവദാസനും നയാഗ്രയിലെ കേരളാ കുസിന്‍ റെസ്റ്റോറന്റും ഒരുമിച്ചാണ്. ടീമുകളെ പ്രോത്സാഹിപ്പിക്കാനായി 200 ഓളം കാണികളും സന്നിഹിതരായിരുന്നു. വടംവലി മത്സര ഗ്രൗണ്ടില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാനായി കെയര്‍ കാനഡ സൗജന്യ സാനിറ്റൈസര്‍ വിതരണത്തിനായി പ്രത്യേകം ബൂത്തും, വടംവലി ടീമുകള്‍ക്കായി നയാഗ്ര ജനറല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന സുചിനും ലിഫിനും പ്രഥമ ശുശ്രൂഷ ബൂത്തും പ്രവര്‍ത്തിപ്പിച്ചിരുന്നു.

വൈകിട്ട് നയാഗ്ര ഔര്‍ ലേഡി ഓഫ് പീസ് പാരിഷ് ഹാളില്‍ വച്ച് നടത്തിയ ഓണാഘോഷ സമ്മേളനത്തിന് മുമ്പായി താലപ്പൊലിയുടെയും നയാഗ്ര തരംഗത്തിന്റെ ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ഷോഷയാത്രയായി മാവേലിയെ വരവേറ്റു. സമ്മേളനത്തിന്റെ മുഖ്യാതിഥി നയാഗ്ര എംപിപി  വെയിന്‍ ഗേറ്റ്‌സ് തന്റെ ഉത്ഘാടന പ്രസംഗത്തില്‍ സ്വന്തം സംസ്‌കാരത്തെ ഇത്രയധികം ആഘോഷിക്കുന്ന നയാഗ്ര മലയാളി അസോസിയേഷനെ ശ്ലാഘിച്ചു. കൂടാതെ അടുത്ത പരിപാടിയില്‍ തന്റെ മൂന്ന് മക്കളും അഞ്ചു കൊച്ചുമക്കളുമായി വരുമെന്ന് വാഗ്ദാനവും ചെയ്തു. വടംവലി മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവും സ്‌പോണ്‍സര്‍മാരുടെ സാന്നിധ്യത്തില്‍ അദ്ദേഹം വിതരണം ചെയ്തു.

നയാഗ്ര മലയാളി അസോസിയേഷന്റെ പ്രസിഡന്റ് മനോജ് ഇടമന തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഓണത്തിന്റെ അന്തസ്സത്തയായ സ്‌നേഹ, സാഹോദര്യ, സൗഹൃദങ്ങളെപ്പറ്റി ഊന്നിപ്പറഞ്ഞു. കൂടാതെ നയാഗ്ര അസോസിയേഷനില്‍ നിന്നും മാറി നില്‍ക്കുന്നവരെ ഏവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുകയും അതോടൊപ്പം പുതുതായി അംഗങ്ങളാകുവാന്‍ താല്‍പര്യമുള്ളവരെ പ്രത്യേകമായി ക്ഷണിക്കുകയും ചെയ്തു. എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഓണാഘോഷം വന്‍ വിജയമാക്കാന്‍ കാരണമായതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

തുടര്‍ന്ന് തിരുവാതിര, സിനിമാറ്റിക് ഡാന്‍സുകള്‍, ഓണപ്പാട്ട് എന്നിങ്ങനെ വിവിധ കലാപരിപാടികളില്‍ മുതിര്‍ന്നവരും, യുവജനങ്ങളും കുട്ടികളും ഉള്‍പ്പെടെ 50 ഓളം പേര്‍ പങ്കെടുത്തു. നയാഗ്രയില്‍ കേരളാ കുസിന്‍ തയാറാക്കിയ സ്വാദേറിയ ഓണസദ്യയിലും സമ്മേളനത്തിലും 350 ഓളം പേര് പങ്കെടുത്തു.

അംഗങ്ങളുടെ കുടുംബ ഫോട്ടോ എടുത്തു സൗജന്യമായി ഒരു കോപ്പി നല്‍കിയ ഫോട്ടോ ബൂത്ത് വളരെയധികം ശ്രദ്ധേയമായി. സെക്രട്ടറി ജിത്തു ജോര്‍ജ് നന്ദി പറഞ്ഞു. ഓണാഘോഷ പരിപാടികള്‍ വളരെ ഭംഗിയായി നിയന്ത്രിച്ച ആങ്കര്‍മാരായ  മിസ് റീത്തു സെബാസ്ത്യനെയും എല്‍വിന്‍ ഇടമനയെയും എല്ലാവരും മുക്തകണ്ഠം അഭിനന്ദിച്ചു.

Other News