പൈനാപ്പിള്‍ മേഖല വന്‍പ്രതിസന്ധിയില്‍; കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വന്‍നഷ്ടം


MAY 22, 2020, 4:15 PM IST

കൊച്ചി: ഭൂസൂചികാ പദവി ലഭിച്ചതിലൂടെ കേരളത്തിന്റെ കാര്‍ഷികപ്പെരുമ ആഗോളതലത്തിലെത്തിച്ച വാഴക്കുളം പൈനാപ്പിള്‍ വന്‍പ്രതിസന്ധിയില്‍. നിത്യജീവിതത്തേയും സമ്പദ് വ്യവസ്ഥയേയും ഒരുപോലെ നിശ്ചലമാക്കിയ കോവിഡ് ഭീഷണിയാണ് പൈനാപ്പിള്‍ കര്‍ഷകരേയും ആയിരക്കണക്കിനു വരുന്ന തൊഴിലാളികളേയും ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. സ്ഥലം പാട്ടത്തിനെടുത്തും ബാങ്ക് വായ്പകളെ ആശ്രയിച്ചും കൃഷി ചെയ്യുന്ന പൈനാപ്പിള്‍ കര്‍ഷകര്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ആള്‍ കേരളാ പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ജോര്‍ജും സെക്രട്ടറി അഡ്വ. ജോജോ ജോസഫും വൈസ് പ്രസിഡന്റ് വി പി ആന്റണിയും ട്രഷറര്‍ ജോസ് കളപ്പുരയും കൊച്ചിയില്‍ പറഞ്ഞു. ഈ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം. 2018ലും 2019ലും ഉണ്ടായ പ്രളയങ്ങള്‍ വലിയ നഷ്ടമാണ് പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് വരുത്തിവെച്ചത്. അവയുണ്ടാക്കിയ കടബാധത്യയില്‍ നിന്ന് മുഴുവനായും കരകയറുന്നതിന് മുമ്പാണ് കോവിഡ് എത്തിയത്. പൈനാപ്പിള്‍ കൃഷിയുടെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യുന്നതാണ് പുതിയ പ്രതിസന്ധിയെന്നും ഇവര്‍ പറഞ്ഞു.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലാണ് ഇന്ത്യയിലെത്തന്നെ പൈനാപ്പിള്‍ക്കൃഷി കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും കേരളത്തില്‍ ആലപ്പുഴ, വയനാട് ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും വാഴക്കുളം പൈനാപ്പിള്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്. വാഴക്കുളത്തു നിന്നുള്ള കര്‍ഷകര്‍ തന്നെയാണ് മറ്റു ജില്ലകളിലും കൃഷി ചെയ്യുന്നതെന്ന സവിശേഷതിയും പൈനാപ്പിള്‍ക്കൃഷിക്കു മാത്രമുള്ളതാണ്. ഇങ്ങനെ പ്രധാനമായും വാഴക്കുളത്തും സമീപപ്രദേശങ്ങളിലും മറ്റിടങ്ങളിലുമായി ഏകദേശം 18,000 ഹെക്ടര്‍ പ്രദേശത്താണ് പൈനാപ്പിള്‍ കൃഷി ചെയ്യുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാണിച്ചു. ഒരു ഹെക്ടറില്‍ കൃഷിയിറക്കുന്നതിന് 6.25 ലക്ഷം രൂപയാണ് ചെലവു വരുന്നത്. വര്‍ഷം തോറും ഉദ്ദേശം 1250 കോടി രൂപ മതിക്കുന്ന അഞ്ച് ലക്ഷം ടണ്‍ പൈനാപ്പിളാണ് ഈ മേഖല ഉല്‍പ്പാദിപ്പിക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷം തോട്ടവിളകളും നാണ്യവിളകളും വിലയിടിച്ചിലിന്റെ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് റബര്‍ക്കൃഷിയുടേയും മറ്റും ഇടവിളയായി കൃഷി ചെയ്യപ്പെടുന്നതിലൂടെ സ്ഥലം പാട്ടത്തിനു നല്‍കുന്നവര്‍ക്കും വലിയ ആശ്വാസമായിത്തീര്‍ന്നിരിക്കയാണ് പൈനാപ്പിള്‍ക്കൃഷി. ഇക്കാരണത്താല്‍ പൈനാപ്പിള്‍ മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധി ഈ മേഖലയിലെ തൊഴില്‍രംഗത്തും മുന്‍പേ തന്നെ പ്രതിസന്ധിയിലായ മറ്റ് കാര്‍ഷികമേഖലകളിലും കൂടുതല്‍ ആഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇവര്‍ പറഞ്ഞു.

ഒരു കൈതയില്‍ നിന്ന് മൂന്നു തവണ വിളവെടുക്കാമെങ്കിലും ആദ്യത്തെ രണ്ട് വിളവെടുപ്പാണ് പൈനാപ്പിള്‍ക്കൃഷിയിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നത്. 2019ല്‍ കൃഷി ചെയ്യാന്‍ കൂടുതല്‍ സ്ഥലം ലഭ്യമായതിന്റേയും 2019 മാര്‍ച്ച്- ഏപ്രിലില്‍ പൈനാപ്പിളിന് 39- 45 രൂപ എന്ന മെച്ചപ്പെട്ട വില ലഭിച്ചതിന്റേയും പശ്ചാത്തലത്തില്‍ ഈ വര്‍ഷം മുന്‍വര്‍ഷങ്ങളിലെ നഷ്ടങ്ങള്‍ നികത്താമെന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ വായ്പകളും മറ്റുമെടുത്ത് വിളവ് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കര്‍ഷകര്‍. പരിശ്രമിച്ചതും പ്രതീക്ഷിതുംപോലെ കൂടുതല്‍ വിളവെടുപ്പും ലഭിച്ചു. ഇതിനിടയില്‍ തദ്ദേശീയ വിപണിയില്‍ വന്‍ഡിമാന്‍ഡുണ്ടാക്കുന്ന റമദാന്‍ മാസവും വന്നു. ഒരു ദിവസം 2000 ടണ്‍ വരെയാണ് റമദാനില്‍ വിളവെടുക്കുന്നത്. ഇങ്ങനെ കൂടുതല്‍ വിളവുണ്ടായിട്ടും ലോക്ഡൗണ്‍ മൂലം റമദാന്‍ ഡിമാന്‍ഡുണ്ടാകാഞ്ഞതും കേരളത്തിനു പുറത്തേയ്ക്ക് ഉല്‍പ്പന്നമെത്തിക്കാന്‍ സാധിക്കാത്തതുമാണ് ഈ സീസണില്‍ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. വന്‍തോതില്‍ പൈനാപ്പിള്‍ കയറ്റിപ്പോയിരുന്ന ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ വിപണികള്‍ അടയുകയും നാമമാത്രമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഡിമാന്‍ഡുണ്ടായിട്ടും ഉല്‍പ്പന്നമെത്തിക്കാന്‍ സാധിക്കാത്തതുമൂലമുള്ള ഈ അവസ്ഥ മൂലം കിലോഗ്രാമിന് 25 രൂപ വരെ ഉല്‍പ്പാനദച്ചെലവുള്ള പൈനാപ്പ്ളിന് ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് രണ്ടാം വാരം മുതല്‍ ഇതുവരെ ലഭിച്ചു വരുന്ന ശരാശരി വില 10 രൂപയ്ക്കടുത്തു മാത്രമാണ്. അങ്ങനെ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും പ്രകൃതിദുരന്തങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് പൈനാപ്പിള്‍ കര്‍ഷകരെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

വിളവെടുക്കാതെ നശിച്ചു പോകുന്നതും വിലയിടിച്ചിലും മൂലം ഈ സീസണില്‍ ഇങ്ങനെ ദിവസം തോറും അഞ്ച് കോടി രൂപയ്ക്കടുത്ത് നഷ്ടം സംഭവിക്കുന്നുവെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ നിരക്കില്‍ പൈനാപ്പിള്‍ മേഖലയ്ക്ക് ഈ സീസണില്‍ മൊത്തം 300 കോടി രൂപയൂടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഇതു കണക്കിലെടുത്ത് സര്‍ക്കാര്‍ ഇടപെട്ട് സ്ഥലത്തിന്റെ പാട്ടത്തില്‍ ഇളവുകളും സാവകാശവും കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ഭൂവുടമകളോട് അഭ്യര്‍ത്ഥ്യക്കണമെന്നും ഈ മേഖലയിലെ കാര്‍ഷിക വായ്പകളുടെ പലിശ എഴുതിത്തള്ളുകയും രണ്ടു വര്‍ഷത്തേയ്ക്ക് എല്ലാ പൈനാപ്പിള്‍ക്കൃഷി വായ്പകളും പലിശരഹിത വായ്പകളായി ക്രമീകരിച്ചു നല്‍കണമെന്നുമാണ് സംഘടനയുടെ ആവശ്യം. പൈനാപ്പിള്‍ കൃഷിക്കാരുടെ അവസ്ഥ പരിഗണിച്ച ഈ മേഖലയിലെ മഞ്ഞള്ളൂര്‍, ആയവന, ആവോലി, ആരക്കുഴ, കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തുകള്‍ കര്‍ഷകര്‍ക്ക് പാട്ടം ഇളവും വായ്പാസാവകാശവും നല്‍കണമെന്നഭ്യര്‍ത്ഥിച്ച് പ്രമേയം പാസ്സാക്കിയ കാര്യവും സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ 15 രൂപയാണ് പൈനാപ്പിളിന്റെ സംഭരണവില. ഇത് ഉല്‍പ്പാദനച്ചെലവിന് ആനുപാതികമായി വര്‍ധിപ്പിച്ച് 25 രൂപയെങ്കിലുമായി പുനര്‍നിര്‍ണയിക്കണം. ലോക്ഡൗണ്‍ കാലത്ത് നശിച്ചതും വിളവെടുത്തതുമായ മുഴുവന്‍ പൈനാപ്പിളിനും കിലോഗ്രാമിന് 10 രൂപവെച്ച് സഹായധനം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. നടുക്കരയിലുള്ള വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടതും അടിയന്തരമായ ആവശ്യമാണ്. ചെറുകിട സംരംഭകര്‍ക്ക് വൈനും വീര്യം കുറഞ്ഞ മദ്യവും പൈനാപ്പിളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ലൈസന്‍സിംഗ് സമ്പ്രദായവും ഉടന്‍ ആരംഭിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

മേല്‍പ്പറഞ്ഞ പ്രതിസന്ധികള്‍ക്കു പുറമെ തൊഴില്‍രംഗത്തെ വെല്ലുവിളികളും പൈനാപ്പിള്‍ക്കര്‍ഷകരെ ഭാവിയില്‍ അതീവഗുരുതരമായി ബാധിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ഒരു ഏക്കറില്‍ ഒരു വര്‍ഷം 170 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയാണ് പൈനാപ്പിള്‍ക്കൃഷി. ലക്ഷക്കണക്കിന് തൊഴില്‍ദിനങ്ങളാണ് അങ്ങനെ ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടുന്നത്. നല്ല സമയത്ത് വിപണിക്കിണങ്ങുന്ന മികച്ച കൂലി നല്‍കി കര്‍കരും കോവിഡിന്റെ ആദ്യഘട്ടത്തില്‍ സര്‍ക്കാരും അതിഥിതൊഴിലാളികളെ സംരക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവര്‍ ഒന്നടങ്കം തിരിച്ചു പോകാനുള്ള സാഹചര്യം ഒരുക്കിയത് കാര്‍ഷിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകും. തൊഴിലാളികളെ നിയന്ത്രിതമായി മാത്രം തിരിച്ചയക്കണമെന്നും അല്ലെങ്കില്‍ ഇത്രയും നാള്‍ ഇവര്‍ക്ക് ജോലിയും കൂലിയും കൊടുത്ത നിര്‍മാണ- കാര്‍ഷിക മേഖലകളുടെ ഭാവി കൂടുതല്‍ ഇരുളടഞ്ഞതാകുമെന്നും കര്‍ഷക സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

Other News