സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.


JULY 18, 2019, 6:58 AM IST

ഹൂസ്റ്റണ്‍: അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ മഹാസംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ ഹൂസ്റ്റണിലെ ഹില്‍ട്ടന്‍ അമേരിക്കാസ് ഹോട്ടല്‍ സമുച്ചയത്തില്‍ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ അയ്യായിരത്തോളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ വിശദീകരിക്കുവാന്‍ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ കൂടിയായ ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് അറിയിച്ചു  അമേരിക്കയിലേക്കു കുടിയേറിയ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് മാര്‍ത്തോമ്മ ശ്ലീഹ കൈമാറിയ വിശ്വാസ പൈതൃകം എങ്ങിനെ കൂടുതലായി പ്രഘോഷിക്കുവാന്‍ കഴിയുമെന്ന് ആഴത്തില്‍ ചിന്തിക്കുന്നതിനു പുറമേ ആത്മീയ ഉണര്‍വും, കൂട്ടായ്മയും വളര്‍ത്താന്‍ ലക്ഷ്യമിടുന്ന കണ്‍വന്‍ഷന്റെ ആപ്തവാക്യം 'ഉണര്‍ന്നു പ്രശോഭിക്കുക' എന്നതാണ്. അമേരിക്കയില്‍ പലയിടത്തായി ചിതറി കിടക്കുകയാണെങ്കിലും ഒരു വലിയ വിശ്വാസ സമൂഹത്തിന്റെ ഭാഗമാണ് തങ്ങളെന്ന അഭിമാനബോധം പകര്‍ന്നു നല്‍കുന്നതിന് കണ്‍വന്‍ഷന്‍ സഹായകരമാകുമെന്ന്  മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു. ഏഴാമത് കണ്‍വന്‍ഷനില്‍ അയ്യായിരത്തോളം പ്രതിനിധികള്‍ എത്തുന്നു എന്നതു മാത്രമല്ല ഇതില്‍ പകുതിയോളം പേര്‍ 40 വയസില്‍ താഴെയുള്ളവരാണ് എന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് ഒന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേമുക്കാലിന് വിശുദ്ധ കുര്‍ബാനയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുക. വൈകുന്നേരം 6.45 ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷത വഹിക്കും. ഒരു മണിക്കൂര്‍ നീളുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം ആതിഥേയ ഇടവകയായ  സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള നിറപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. പ്രശസ്ത ധ്യാനഗുരുവും, സംഗീതജ്ഞനുമായ ഫാ.ഷാജി തുമ്പേച്ചിറയാണ് ഈ പ്രോഗ്രാം കോ ഓര്‍ഡിനേറ്റ് ചെയ്യുന്നത്. മുന്നൂറ്റിയെണ്‍പതോളം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന ഓപ്പണിംഗ് പ്രോഗ്രാമിന്റെ പരിശീലനം ഫാ.ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തില്‍ ആഴ്ചകളായി നടന്നു വരികയാണ്. വെള്ളിയാഴ്ച വൈകുന്നേരം കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന വിവിധ ഇടവകകളില്‍ നിന്നുള്ള കലാപ്രതിഭകളും, ശനിയാഴ്ച വൈകുന്നേരം കേരളത്തില്‍ നിന്നുള്ള 'തൈക്കുടം ബ്രിഡ്ജും' കണ്‍വന്‍ഷന്‍ വേദിയില്‍ കലാവിരുന്നിന്റെ നിറക്കൂട്ട് ഒരുക്കും.   വെള്ളിയാഴ്ച രാവിലെ 7.15 ന് 37 ഇടവകകള്‍ പങ്കെടുക്കുന്ന വര്‍ണശോഭയാര്‍ന്ന ഘോഷയാത്ര നടക്കും. ഘോഷയാത്രയില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതാണ്.  ചതുര്‍ദിന കണ്‍വന്‍ഷനില്‍ രാവിലെ പൊതുവായ പ്രഭാഷണവും ഉച്ചകഴിഞ്ഞ് ഗ്രൂപ്പ് തിരിച്ചുള്ള സെമിനാറുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂണിയേഴ്‌സ്, യൂത്ത് - കോളജ്, യംഗ് അഡല്‍റ്റ്‌സ്, അഡല്‍റ്റ്‌സ് ആന്‍ഡ് സീനിയേഴ്‌സ് എന്നിങ്ങനെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ്  സെമിനാറുകള്‍ ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ 'അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ ഭാവി' യെപ്പറ്റിയുള്ള  സെഷനു നേതൃത്വം നല്‍കുന്നത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ്.ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പ്രഗല്‍ഭരുടെ ഒരു വലിയ നിര കണ്‍വന്‍ഷന്‍ വേദികളെ ധന്യമാക്കാന്‍ എത്തുന്നുണ്ട്.  മാര്‍ ജോസഫ് പാംബ്ലാനി (തലശേരി അതിരൂപത സഹായ മെത്രാന്‍), മാര്‍ തോമസ് തറയില്‍ (ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍), മാര്‍ ജോസഫ് കല്ലുവേലില്‍ (ടൊറന്റോ സീറോ മലബാര്‍ രൂപത മെത്രാന്‍), ബിഷപ് വില്യം ആല്‍ബര്‍ട്ട് വാക്  (പെന്‍സകോള - ടലഹാസി രൂപത മെത്രാന്‍) തുടങ്ങിയ ആത്മീയാചാര്യന്മാരും, മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്,  പ്രശസ്ത ധ്യാനഗുരു ഫാ.ദാനിയേല്‍ പൂവണ്ണത്തില്‍ തുടങ്ങിയവരും  വിവിധ സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കും. 'സീറോ മാച്ച്' കണ്‍വന്‍ഷനിലെ ഏറ്റവും വ്യത്യസ്തമായ പ്രോഗ്രാം ആയിരിക്കുമെന്ന് മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു. തങ്ങളുടെ മക്കള്‍ക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനു വേണ്ടി മാതാപിതാക്കള്‍ക്ക് പരസ്പരം പരിചയപ്പെടാന്‍ ഒരുക്കുന്ന വേദിയാണിത്. തങ്ങളുടെ വിശ്വാസ പൈതൃകത്തിനു പോറലേല്‍ക്കാതെ കുടിയേറിയ മണ്ണില്‍ ഇഴ ചേര്‍ന്നു ജീവിക്കുന്നതിനു വേണ്ടി ചെയ്യേണ്ട  കാര്യങ്ങള്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന പല വിഷയങ്ങളും കണ്‍വന്‍ഷനില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് മാര്‍ ആലപ്പാട്ട് കൂട്ടിച്ചേര്‍ത്തു.   കണ്‍വന്‍ഷന്റെ തുടക്ക ദിനമായ വ്യാഴാഴ്ച ഹൂസ്റ്റണിലെ രണ്ടു വിമാനത്താവളങ്ങളില്‍ നിന്നും കണ്‍വന്‍ഷന്‍ നഗറിലേക്കും, സമാപന ദിവസമായ ഞായറാഴ്ച തിരിച്ചും പൊതു യാത്രാ സൗകര്യം ക്രമീകരീച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ എത്തുന്ന കണ്‍വന്‍ഷന്‍ വേദിയില്‍ കര്‍ക്കശമായ സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ നടത്താത്ത ഒരാള്‍ക്കും കണ്‍വന്‍ഷന്‍ വേദികളില്‍ പ്രവേശിക്കാന്‍ കഴിയില്ല. കേരളീയ - നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ക്കു പുറമേ അമേരിക്കന്‍ വിഭവങ്ങളുമടങ്ങിയ രുചിക്കൂട്ടുകളാണ് പ്രതിനിധികള്‍ക്കു വേണ്ടി കലവറയില്‍ ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു.   പത്രസമ്മേളനത്തില്‍ കണ്‍വന്‍ഷന്‍ കണ്‍വനീറും സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന വികാരിയുമായ ഫാ.കുര്യന്‍ നെടുവേലിചാലുങ്കല്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ, വൈസ് ചെയര്‍മാന്മാരായ ബാബു മാത്യു, ജോസ് മണക്കളം, സെക്രട്ടറി പോള്‍ പാലയ്ക്കാപ്പള്ളി, വിവിധ കമ്മിറ്റി ചെയര്‍മാന്മാരായ സണ്ണി ടോം (മീഡിയ ആന്‍ഡ് മാര്‍ക്കറ്റിംഗ്), ബോസ് കുര്യന്‍ (ഫിനാന്‍സ്), ഇവന്റ് കോ ഓര്‍ഡിനേറ്റര്‍ അനീഷ് സൈമണ്‍ എന്നിവരും പങ്കെടുത്തു.

Other News