വീട്ടാനാകാതെ പോയ ഒരു കടം  


OCTOBER 19, 2021, 11:07 AM IST

സിബി തോമസ് 


മൂന്നോ നാലോ വയസ്സുകാലത്തെ അത്ര സ്പഷ്ടമല്ലാത്ത ആദ്യ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നത് "കൂട്ടച്ച്" (ക്യൂട്ടക്സ്) എന്ന് വിളിച്ചിരുന്ന നെയിൽ പോളിഷ് ആണ്. അന്ന് രണ്ട് നിറങ്ങളേയുള്ളൂ: ഒന്ന് ചുവപ്പ് പിന്നെ ഒരു തരം "വല്ലാത്ത" റോസ്. എനിക്കത് മതി, ചുവന്നത് പോരാ. അമ്മയോട് ചിണുങ്ങി കിട്ടൂല്ലന്നായപ്പോഴാകണം ഞാനെന്ന കുട്ടി അമ്മയുടെ കൈവിടുവിച്ച് പള്ളിമുറിയിലേക്കോടിയത്. ഓടിപ്പോയ കുട്ടി കൈയിൽ പിടിച്ചുവലിച്ചു കൊണ്ടുവരുന്ന "റവഫാ"യെക്കണ്ട് പെട്ടിക്കാരനും ഒന്ന് ഞെട്ടിക്കാണണം. കാര്യം പറഞ്ഞപ്പോൾ റവഫായുടെ കണ്ണുകൾ അമ്മയുടെ നേർക്കും പെട്ടിക്കാരന്റെ നേർക്കും നീണ്ടത് കുട്ടി കാണാതെയായിരിക്കണമല്ലോ. എന്തായാലും അടുത്ത നിമിഷം "വല്ലാത്ത റോസ്" കൂട്ടച്ച് അപ്രത്യക്ഷമായി.

പെട്ടിക്കാരന്റെ കഴുത്തിൽ കിടന്ന തോർത്ത് പൊടുന്നനേ വർണ്ണങ്ങളെ മൂടിയോന്നൊരു സംശയം. എനിക്കന്ന് ചുവന്ന ക്യൂട്ടക്സ് കിട്ടിയോ അതോ ഒരു പച്ചപ്പാവയെ ആണോ കിട്ടിയത്... ഓർമ്മയില്ല.(തീർച്ചയായും എനിക്കൊരു പച്ചപ്പാവ ഉണ്ടായിരുന്നു അതെന്നാണ് കിട്ടിയതെന്നറിയില്ല. എന്റെ കൂടുതൽ തെളിവാർന്ന ഓർമ്മയിലെ ഇടവക പെരുന്നാളുകളിലെല്ലാം എന്റെ അച്ഛൻ മിക്കവാറും തലേദിവസം എനിക്കൊരു രൂപ തന്നിട്ടുണ്ട്. അന്ന് ഒരു രൂപയ്ക്ക് മുത്തുമാലയും കുപ്പിവളയും കമ്മലും പൂ സ്ലൈഡും വാങ്ങാമായിരുന്നു. അത്തരം ഒരു പെരുന്നാൾ കാലത്ത് കിട്ടിയ സ്ഥാവരജംഗമങ്ങൾ ആസ്വദിച്ചിരുന്നപ്പോഴാവാം, "വലുതാകുമ്പോൾ ഒരു വളക്കച്ചവടക്കാരനെ കല്യാണം കഴിച്ചാൽ മതി"ന്ന് ഞാൻ പറഞ്ഞത്." അതെന്താ?" അച്ഛൻ ചോദിച്ചു" അപ്പോൾ എനിക്കെപ്പോഴും പലതരം വളകൾ ഇടാലോ"" അയാൾടെ വളകളെല്ലാം മോളെടുത്താൽ പിന്നെ അയാളെന്ത് വിറ്റ് കാശുണ്ടാക്കും? ജീവിക്കണ്ടേ?" എന്നൊരു മറു ചോദ്യത്തിൽ അച്ഛനെന്റെ ആദ്യകാല വിവാഹമോഹങ്ങളിൽ പാടെ നിരാശ പടർത്തി.ഈ ഇഷ്ടങ്ങളെന്നിൽ കുറ്റബോധം വളർത്തിയ സംഭവങ്ങളുമുണ്ട്.

സാധാരണ എന്റെ ഇടവക പള്ളിയിലല്ലാതെ ഞാൻ പെരുന്നാൾ കൂടിയിട്ടില്ല. കന്നി 20 പെരുന്നാൾ കഴിഞ്ഞയുടനെയാവണം സൺഡേ സ്‌കൂൾ മത്സരത്തിൽ പങ്കെടുക്കാൻ ആ പള്ളിയിലെത്തിയത്. മത്സരം കഴിഞ്ഞപ്പോൾ,പെരുന്നാൾ കഴിഞ്ഞിട്ടും തിരിച്ചു പോകാതിരുന്ന പെട്ടിക്കടക്കാരുടെയടുത്ത് "ഒന്ന് കറങ്ങാൻ" സമയം തന്നു അദ്ധ്യാപകർ. ഞാൻ പുതിയ ഡിസൈനിൽ ചുവപ്പിൽ മഞ്ഞക്കളറുള്ള ഒരു ഡസൻ കുപ്പിവളകൾ വാങ്ങി.എല്ലാവരുടെയും കയ്യിൽ അന്ന് പൈസയില്ലായിരുന്നു. ആ യാത്രയിൽ കുട്ടികൾ പൈസ കരുതേണ്ട ആവശ്യമില്ലായിരുന്നെങ്കിലും അച്ഛനെനിക്ക് ഒരു കരുതലായി പൈസ തന്നിരിക്കണം. ആ വളയോടൊരിഷ്ടം കൂട്ടുകാരി സാലിക്കും തോന്നിയിരുന്നു. കയ്യിൽ പൈസയില്ലാത്തതിനാൽ വാങ്ങിയില്ല. വീട്ടിലത് പറഞ്ഞപ്പോൾ അമ്മ ചോദിച്ചു, "പകുതി വളകൾ അവൾക്ക് കൊടുക്കാമായിരുന്നില്ലേ?"ഒരിക്കൽ നാട്ടിലെത്തിയത് പെരുന്നാൾകാലത്തായിരുന്നു.ഒരു പാട് വർഷങ്ങൾക്കിപ്പുറം ദുബായിൽ നിന്നു് അവധിയ്ക്ക് വന്ന സാലിയെ കണ്ട് പള്ളിയിൽ.ഒരു ഡസൻ വളവാങ്ങി സമ്മാനിച്ച് ഈ കഥ പറഞ്ഞപ്പോൾ അത്ഭുതവും സന്തോഷവും കൊണ്ടവളുടെ കണ്ണുകൾ വിടർന്നു.

അവൾക്കങ്ങിനെയൊരു കാര്യമേ ഓർമ്മയില്ല!പക്ഷേ,കൊടുത്തു തീർക്കാനാവാത്ത ഒരു കടം ബാക്കിയുണ്ട്.തുലാം പതിനഞ്ചാം തീയതി പെരുന്നാൾ കൂടാനാണ് കൊച്ചമ്മായി എത്തിയത്. ആ പള്ളിയിലാണ് അവരുടെ കാരണവന്മാരെ (എന്റെ ഗ്രേറ്റ് ഗ്രാൻറ് പേരൻറ്സ്) അടക്കം ചെയ്തിരിക്കുന്നത്. എന്റെ ഇടവകപ്പള്ളി പിന്നീട് വന്നതാണ്. അടുക്കോടെയും ചിട്ടയോടെയും നാത്തൂനോട് (എന്റെ അമ്മൂമ്മ) വിശേഷങ്ങൾ പറയുന്ന അമ്മായി.വയസ്സായ അമ്മായിയ്ക്കു കൂട്ടിനായിട്ടാണ് പെരുന്നാളിന് എന്നെ കൂടെവിട്ടത്. പതിവുപോലെ എന്റെ അച്ഛൻ എനിക്ക് പൈസയും തന്നിരുന്നു. വലിയ ഉത്സാഹത്തിലായിരുന്നു ഞാൻ. വേറെ ഒരു പള്ളിയിൽ ഞാനങ്ങിനെ പെരുന്നാൾ കൂടിയിട്ടില്ല. ആ വർഷത്തെ എന്റെ ഇടവകയിലെ പെരുന്നാൾ ആയിട്ടുമില്ല. ഇതങ്ങിനെ ഇടയ്ക്ക് വീണുകിട്ടിയ ഒരവസരമാണ്.

പള്ളി തീരാറായപ്പോഴേയ്ക്കും ഞാൻ 'മുങ്ങി'ക്കാണണം. കാരണം എന്റെ പള്ളിയിലേപ്പോലെ മുൻപിൽ കുട്ടികളുടെ നിരയിലല്ല ഞാൻ. അമ്മായീടെ കൂടെയാണ്. എന്റെ സൺഡേ സ്കൂൾ അദ്ധ്യാപകരുടെയോ എന്റെ അമ്മയുടേയോ നോട്ടവുമില്ല. പതിവുപോലെ മാലയും വളയും കമ്മലും സ്വന്തമാക്കി. അച്ഛൻ തന്ന പൈസ പൊടിപൊടിച്ചു. വല്യ ഉത്സാഹത്തിൽ അതൊക്കെ അമ്മായിയെ കാണിച്ചപ്പോൾ അമ്മായി ഒരു നാണയ തുട്ട് കൈയിൽ വച്ചുതന്നു. തികച്ചും അപ്രതീക്ഷിതമായി. അതൊരു കാലണയായിരുന്നോ അതോ അരയണ ആയിരുന്നോന്നോർമ്മയില്ല. എന്തായാലും ഒരു ലോട്ടറിയടിച്ച സന്തോഷമായിരുന്നിരിക്കണം. അമ്മായി നേർച്ചയിടാൻ പോയ സമയത്താവും ഞാൻ വീണ്ടും പോയി മോതിരമോ പൂ സ്ലൈഡോ മേടിച്ചത്. പള്ളി കഴിഞ്ഞ് സെമിത്തേരിയിലെ പ്രാർത്ഥനയും കഴിഞ്ഞ് മടങ്ങാൻ നേരം അമ്മായി ചോദിച്ചു, "പുള്ളേ, മ്പക്കൊരു നാരങ്ങാവെള്ളം കുടിച്ചാലോ". സാധാരണ തിന്നുന്നതിലും കുടിക്കുന്നതിലും വലിയ കമ്പമൊന്നും ഇല്ലായിരുന്നതു കൊണ്ട് അതേപ്പറ്റി ചിന്തിച്ചിട്ടില്ല. പക്ഷേ, അടുത്ത ചോദ്യം എന്നെ ഞെട്ടിച്ചു,"പൈസ എന്ത്യേ പുള്ളേ""അത് തീർന്നല്ലോ അമ്മായി""അയ്യോടീ മോളെ നീ അപ്പിടീം തീർത്തോ? ഒരിറ്റ് വെള്ളോങ്ങനെ കുടിക്കും?"ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിനു അഞ്ചു പൈസയോ പത്തുപൈസയോ കൊടുത്താൽ മതിയായിരുന്ന കാലം.

ഓരോ ചെറിയ തുട്ടിനും നല്ല വിലയുണ്ടായിരുന്ന സമയം. പക്ഷേ, എനിക്കറിയില്ലല്ലോ അത് അമ്മായിയുടെ കയ്യിലെ ആകെ കാശാണെന്ന്! ഞാൻ ചോദിച്ചതുമല്ല. എനിക്ക് കാശുതന്ന ശേഷം അമ്മായി കയ്യിൽ ബാക്കിയുണ്ടായിരുന്നതത്രയും നേർച്ച ഇട്ടിരുന്നു. ആകെ വിഷമമായി. ഒരു കുന്നിൻ മുകളിലാണ് പള്ളി. ആ കുന്നിറങ്ങി പിന്നെയും കുറേയേറെ നടക്കണം വീട്ടിലേയ്ക്ക്. പാവം അമ്മായി. എനിക്കാണെങ്കിൽ വാങ്ങിയ സാധനങ്ങളെ നോക്കി ആസ്വദിക്കാനും പറ്റുന്നില്ല. "ഞാൻ പൈസ തന്നതാണല്ലോ, പിന്നെ എന്തിനാ അമ്മായീടെ പൈസ ചിലവാക്കിയതെ"ന്ന അച്ഛൻറെ ചോദ്യത്തിന് മുന്നിൽ ചൂളി നിന്നു. അമ്മായി തന്നതാണെന്നതിന് അവിടെ പ്രസക്തിയില്ലാതെയായി. തന്ന പൈസ മുഴുവനും ഞാൻ ചിലവാക്കുമെന്ന് അമ്മായി കരുതിയിരുന്നില്ല.അമ്മായിക്കെപ്പോഴെങ്കിലും എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ ഞാൻ പ്രാപ്തയാകും മുൻപ് അമ്മായി പോവുകയും ചെയ്തു.ഇന്നും നാട്ടിലെ പേരുകേട്ട ഫാൻസി സ്റ്റോഴ്സ്കളിൽ പോകുന്നതിനേക്കാൾ ഉത്സാഹത്തിലാണ് ഞാൻ പെരുന്നാളുകളിലെ പെട്ടിക്കടകളിൽ പോകുന്നത്. ഒന്നും വാങ്ങാനില്ലെങ്കിലും അതൊരു ഗൃഹാതുരത്വമാണ്.

എനിക്ക് പറ്റിയതൊന്നും കിട്ടുകയില്ലെങ്കിലും അറിയുന്ന കുട്ടികൾക്കെല്ലാം വളയും മാലയും കളിപ്പാട്ടവും വാങ്ങിക്കൊടുത്ത് ഞാനെന്റെ സന്തോഷത്തെ ആഘോഷമാക്കും. പെട്ടിക്കടകൾ മാത്രമല്ല,ബലൂണും കിലുക്കട്ടവും പീപ്പിയും വാച്ചുകളുമൊക്കെ തൂക്കി തൂക്കിയിട്ട ഒരു തരം വലിയ സ്റ്റാൻഡുണ്ടല്ലോ. അതൊരെണ്ണം അങ്ങിനെത്തന്നെ വാങ്ങിയാലോന്ന് ചിലപ്പോൾ തോന്നാറുണ്ട്. എന്നിട്ടെന്തിനാണെന്നൊന്നും ചോദിക്കല്ലേ.ആൺകുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നത് നൂലു ചുറ്റി എറിഞ്ഞിട്ട് കറക്കുന്ന പമ്പരമായിരുന്നു. പിന്നെ ചുവന്ന ഒരു പൊട്ടുപോലെയുള്ള പൊട്ടാസ് വച്ച് പൊട്ടിക്കുന്ന തോക്കും, അൽപം വലിയ കട്ടപോലെ ഉയർന്ന് നിൽക്കുന്ന ഡയൽ ഉള്ള പല നിറത്തിലുള്ള വാച്ചുകളും.കുട്ടികൾ മാത്രമല്ല ഒട്ടുമിക്ക വീട്ടമ്മമാരും ഈ പെരുന്നാൾ വച്ചു വാണിഭങ്ങൾ ജാതിഭേദമില്ലാതെ കാത്തിരിക്കുമായിരുന്നു. വട്ടി, കൊട്ട, ചട്ടി, കലം, പിഞ്ഞാണി തുടങ്ങി പല അടുക്കള വസ്തുക്കളും കുറഞ്ഞ വിലയിൽ വാങ്ങുന്നതിനും പുതിയ തരങ്ങൾ നേരിട്ടു കാണുന്നതിനുമുള്ള അവസരങ്ങളായിരുന്നു ഇത്തരം പെരുന്നാളുകൾ.ആൺ കുട്ടികളുടേയും മുതിർന്ന ആണുങ്ങളുടേയും വലിയൊരു ആകർഷണമായിരുന്നു 'കിലുക്കിക്കുത്ത്' കളി. വലിയ പ്രത്യേക ഡിസൈനുകൾ ഉള്ള വിരിച്ചിട്ട ഷീറ്റ്, ഒരു ടിന്നിൽ ഡിസൈനുള്ള നാല് കട്ടകൾ ആയിരുന്നെന്ന്‌ തോന്നുന്നു.

പൈസ വച്ച് ഊഹിച്ചു പറയുന്ന ഡിസൈൻ കിലുക്കിക്കുത്തി കമിഴ്ത്തുമ്പോൾ മുകളിൽ വന്നാൽ വച്ചതിൽ ഇരട്ടി പൈസ കിട്ടും. അല്ലെങ്കിൽ വച്ച പൈസയും കൂടി പോയത് തന്നെ. വേറെയും കളികളുണ്ടായിരുന്നെന്ന് തോന്നുന്നു, കാർഡ് വച്ചും മറ്റും. അത്തരം കളികളൊന്നും തന്നെ പൊതുവേ പെൺകുട്ടികളുടേയും സ്ത്രീകളുടേയും ശ്രദ്ധ പിടിച്ചു പറ്റുന്നവയല്ലായിരുന്നു.(തുടരും)