കേരളത്തിന്റെ വെള്ളം വേണ്ടെന്ന് തമിഴ്‌നാട്; പ്രതിഷേധം പുകയുന്നു


JUNE 24, 2019, 2:31 PM IST

തമിഴ്‌നാട് നേരിടുന്ന രൂക്ഷമായ ജലക്ഷാമം നേരിടുന്നതിന് താല്‍ക്കാലിക പരിഹാരമായി
20 ലക്ഷം ലിറ്റര്‍ വെള്ളം കേരളം നല്‍കാം എന്ന സര്‍ക്കാര്‍ വാഗ്ദാനം തമിഴ്നാട് സര്‍ക്കാര്‍ നിരസിച്ചതില്‍ തമിഴകത്ത് വന്‍ പ്രതിഷേധം. തമിഴ്നാടിന് 20 ലക്ഷം ലിറ്റര്‍ വെള്ളം നല്‍കാന്‍ തയ്യാറാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് രൂക്ഷമായ ജലക്ഷാമവും പ്രതിസന്ധിയുമാണ് നേരിടുന്നത്. റെയില്‍ മാര്‍ഗം വെള്ളമെത്തിക്കാം. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അത് ആവശ്യമില്ല എന്ന മറുപടിയാണ് ലഭിച്ചത് എന്നും പിണറായി പറഞ്ഞിരുന്നു.

വരള്‍ച്ചയ്ക്ക് സമാനമായ സ്ഥിതിയാണ് തമിഴ്നാട് നേരിട്ടുകൊണ്ടിരിക്കുന്നത്. തലസ്ഥാന നഗരമായ ചെന്നൈ അടക്കം വെള്ളം കിട്ടാതെ വലയുകയാണ്. പല റെസ്റ്റോറന്റുകളും അടച്ചുപൂട്ടിക്കഴിഞ്ഞു. സ്‌കൂളുകളും കോളേജുകളും പ്രവൃത്തിസമയം കുറച്ചു. കെട്ടിട നിര്‍മ്മാണ പ്രോജക്ടുകളില്‍ പലതും നിര്‍ത്തിവച്ചു. ചെന്നൈയ്ക്ക് വെള്ളമെത്തിക്കുന്ന ചോളാവരം, റെഡ്ഹില്‍ റിസര്‍വോയറുകള്‍ വരണ്ടിരിക്കുന്നു. പൂണ്ടി റിസര്‍വോയറിന്റേയും ചെമ്പരമ്പാക്കം തടാകത്തിന്റേയുമെല്ലാം അവസ്ഥ സമാനമാണ്. കിണറുകള്‍ വറ്റിയ നില. കുഴല്‍കിണറുകളിലും ജലലഭ്യത കുറവ്. ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുത്തനെ താഴ്ന്നിരിക്കുന്നു.

അവസ്ഥ വളരെ മോശമാണെങ്കിലും മാധ്യമങ്ങള്‍ അനാവശ്യമായി ജലക്ഷാമം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് എന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞത്. ജല ലഭ്യത ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നുണ്ട് എന്ന് പളനിസ്വാമി അവകാശപ്പെടുന്നു.

അതേ സമയം ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിന്റെ സഹായ വാഗ്ദാനം നിരസിച്ച തമിഴ്‌നാട് സര്‍ക്കാരിനെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തില്‍ നിന്ന് എത്തിക്കാമെന്ന് പറഞ്ഞ വെള്ളം സര്‍ക്കാര്‍ വേണ്ടെന്ന് പറഞ്ഞത് അഴിമതിക്ക് സാധ്യതയില്ലാത്തത് കൊണ്ടാണെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

തമിഴ്നാടിന്റെ ദുരവസ്ഥ കണ്ടാണ് കേരളം സഹായത്തിന് തയ്യാറായത്. ജോലാര്‍പേട്ടില്‍ നിന്ന് വെള്ളം കൊണ്ട് വരാനുള്ള നീക്കം അഴിമതി നടത്താന്‍ മാത്രമാണ്. കടല്‍വെള്ളം ശുദ്ധീകരിക്കാനുള്ള പദ്ധതിയാണ് ശാശ്വത പരിഹാരമെന്നും സ്റ്റാലിന്‍ പറഞ്ഞു. കേരള സര്‍ക്കാരിന്റ വാ?ഗ്ദാനം നിരസിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തെ നേരത്തെയും സ്റ്റാലിന്‍ വിമര്‍ശിച്ചിരുന്നു. ഇതിനിടയില്‍ തമിഴ്‌നാട്ടിലെ രൂക്ഷമായ വരള്‍ച്ച കേരളത്തിനുള്ള പ്രകൃതിയുടെ മുന്നറിയിപ്പാണെന്ന് ജലവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മഴക്കുറവും ജലസ്രോതസുകളുടെ അമിതചൂഷണവും മലിനീകരണവും കേരളത്തെ സമീപ ഭാവിയില്‍തന്നെ കടുത്ത വരള്‍ച്ചയിലേക്ക് നയിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.