കോൺഗ്രസ്,  കഷ്ടം !


AUGUST 2, 2019, 12:44 PM IST

കെ. രാജഗോപാൽ

കോൺഗ്രസിൽ എന്താണ് നടക്കുന്നത്? രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ചിട്ട് രണ്ടു മാസം കഴിഞ്ഞു. ഇനിയും പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. നെഹൃകുടുംബത്തിലെ മൂന്നു പേരും (സോണിയഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി) ഒഴിഞ്ഞു മാറി നിൽക്കുേമ്പാൾ നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെയാണ് കോൺഗ്രസിന്റെ കാര്യം. എങ്ങോട്ട് പോകണമെന്ന് അറിയില്ല. ഇങ്ങനെ തുടരാനും വയ്യ. ഒരു പ്രവർത്തക സമിതി യോഗം ചേർന്ന് കാര്യങ്ങൾക്കൊരു വ്യക്തത നൽകാനും സാധിക്കുന്നില്ല. നെഹൃകുടുംബത്തിന് പുറത്ത് ഒരാളെ ഏകകണ്ഠമായി കണ്ടെത്താൻ പാർട്ടിക്ക് സാധിക്കുന്നില്ല. അങ്ങനെയൊരാളെ നിശ്ചയിച്ചാൽ തർക്കവും പിണക്കവും പിളർപ്പുമൊക്കെ സംഭവിച്ചെന്നു വരും. എന്നു കരുതി ഒരു നേതാവിനെ നിശ്ചയിക്കാൻ നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള ഒരു പാർട്ടിക്ക് സാധിക്കുന്നില്ലെന്നോ?

നെഹൃകുടുംബം 'വേണ്ട' എന്നു പറഞ്ഞിട്ടും പിടിവിടാതെ പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ കൂടിയിരിക്കുകയാണ് ഏറ്റവുമൊടുവിൽ ഒരുസംഘം നേതാക്കൾ. രാഹുൽ ഗാന്ധിയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, അനാരോഗ്യം നേരിടുന്ന സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്റാക്കാൻ സമ്മർദം മുറുക്കി നോക്കി. അവിടെയും പരാജയപ്പെട്ടപ്പോഴാണ് പ്രിയങ്ക ഗാന്ധിയെ അമരത്ത് എത്തിക്കാനുള്ള ശ്രമം. എന്നാൽ രാഹുലിനും സോണിയക്കും പിന്നാലെ പ്രിയങ്കയും നിലവിലെ സാഹചര്യങ്ങളിൽ ദൗത്യം ഏറ്റെടുക്കാൻ ഇടയില്ല. രാഹുലിന്റെ വാക്കും നിലപാടും അവഗണിക്കാൻ പ്രിയങ്ക സമീപഭാവിയിൽ തയാറാവില്ല. തലയില്ലാത്ത പരുവത്തിൽ കോൺഗ്രസിന് ഇനിയൂം അധികകാലം മുന്നോട്ടു പോകാൻ കഴിയില്ലെന്നും, പാർട്ടിയിലെ അതൃപ്തി ഏറ്റവും വേഗം പരിഹരിക്കപ്പെടണമെന്നുമുള്ള ശശി തരൂരിന്റെ വാക്കുകൾ ഓരോ പ്രവർത്തകന്റെയും അഭിപ്രായമാണ്. ജനങ്ങൾക്ക് പാർട്ടി പ്രചോദനം നൽകേണ്ട ഘട്ടവുമാണ്. പക്ഷേ, എന്തുചെയ്യും?

കോൺഗ്രസിനെ പിടിച്ചുലക്കുന്ന സംഭവങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴാണ് ഈ അനിശ്ചിതത്വവും അനാഥാവസ്ഥയും തുടരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കർണാടകത്തിലെ കോൺഗ്രസ് -ജനതാദൾ സഖ്യസർക്കാർ പൊളിഞ്ഞു വീണു. അവിടെ ബി. ജെ. പി അധികാരത്തിലേറി. കാലുമാറ്റം പല രൂപഭാവങ്ങളിൽ അരങ്ങേറുകയും, പലരും ബി. ജെ. പിയിൽ ചെന്നെത്തുകയും ചെയ്തിരിക്കുന്നു. രാഹുൽ ഗാന്ധി മത്സരിച്ച അമേഠിയിലെ രാജകുടുംബാംഗം കൂടിയായ സഞ്ജയ്‌സിങ് എം. പി ബി. ജെ. പിയിൽ എത്തിയതാണ് ഇതിൽ ഒടുവിലത്തെ സംഭവം. ഇത് ഒടുവിലത്തേതുമല്ല. കോൺഗ്രസിൽ പ്രതീക്ഷ നശിച്ചാൽ അണികളെയും നേതാക്കളെയും അത് ഒരുപോലെ ബാധിക്കും. വീണ്ടെടുപ്പ് കൂടുതൽ പ്രയാസമാക്കുന്ന പതനത്തിലേക്ക് അത് കോൺഗ്രസിനെ എത്തിക്കും. കോൺഗ്രസിൽ മാത്രമല്ല, തൃണമൂൽ കോൺഗ്രസിലും മറ്റു വിവിധ പ്രാദേശിക പാർട്ടികളിലും സി. പി. എമ്മിൽ പോലും ബി. ജെ. പിയിലേക്ക് ചാടാൻ തയാറാവുന്ന നിരവധി പേർ ഉണ്ട് എന്നതാണ് യാഥാർഥ്യം. 

കോൺഗ്രസിെന്റ ജീർണതക്ക് മുഖ്യകാരണങ്ങളിലൊന്ന്, ബൂത്തു തലം മുതൽ മേൽത്തട്ടു വരെ പ്രവർത്തകർക്ക് യോഗ്യരായവരെ തെരഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതാണ്. ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചതും അതു തന്നെ. വ്യക്തിയേയും കുടുംബത്തെയും കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സംസ്‌ക്കാരം രൂപപ്പെട്ടു കഴിഞ്ഞാൽ, വിഗ്രഹം വീണുടയുമ്പോൾ കനത്ത ശൂന്യത നേരിടേണ്ടി വരും. കുടുംബാധിപത്യത്തിൽ നിന്ന് ബി. ജെ. പി പോലും മുക്തവുമല്ല. കോൺഗ്രസിൽ കഴിവുറ്റ നേതാക്കൾ ഇല്ലെന്ന് ആരും പറയില്ല. അവർ അധികാരത്തിനും പദവികൾക്കും ലോബിയും ഗ്രൂപ്പും നടത്തുന്ന നേതാക്കളാണിന്ന്.

പാർട്ടി അച്ചടക്കം നെഹൃകുടുംബത്തിെന്റ വാൾത്തലപ്പു കൊണ്ട് ഉണ്ടാക്കിയാണ് നിലനിൽപ്. നെഹൃകുടുംബം പിന്മാറുമ്പോൾ, അച്ചടക്കം ശീലിക്കാത്തവർ അനുസരണക്കേട് കാട്ടുമെന്ന് ഉറപ്പ്.  ഒന്നാമത് സ്വന്തം താൽപര്യം, രണ്ടാമത് കുടുംബം, മൂന്നാമത് ഗ്രൂപ്പ്, ഒടുവിൽ മാത്രം പാർട്ടി എന്നതാണ് കോൺഗ്രസിനെ കാർന്നു തിന്നുന്ന മാരക രോഗം. അധികാരവും പണവുമില്ലാത്ത അവസ്ഥയിൽ നിന്ന് കോൺഗ്രസ് എങ്ങനെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പിടിച്ചു കയറും? അത് കോൺഗ്രസിന് മൊത്തത്തിലും, അതിനൊപ്പം നിൽക്കുന്നവർക്ക് കൂട്ടായും ബാധകമായ വെല്ലുവിളിയാണ്. ആശയപരമായ ദാർഢ്യം തുടർന്നു കൊണ്ടുപോകാൻ കോൺഗ്രസുകാരെ പ്രാപ്തരാക്കേണ്ട നേതൃത്വമാണ് നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ ചുറ്റിത്തിരിയുന്നത്.